കയ്പമംഗലം: വ്യാഴായ്ച രാത്രി പെയ്ത കനത്ത മഴയിൽ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളും ഉൾനാടൻ റോഡുകളും വെള്ളത്തിൽ മുങ്ങി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി.
വെള്ളക്കെട്ട് രൂക്ഷമായ എടത്തിരുത്തിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എടത്തിരുത്തി കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയത്തലേക്ക് രണ്ട് കുടുംബങ്ങളിലെ പത്ത് പേരെ മാറ്റി പാർപ്പിച്ചു. തോടുകൾ കവിഞ്ഞൊഴുകിയതോടെ നിരവധി റോഡുകളിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ചെന്ത്രാപ്പിന്നി സെന്ററിന് തെക്ക് തോട് കവിഞ്ഞൊഴുകി ദേശീയപാതക്ക് കുറുകെ ഒഴുകുകയാണ്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡ്, എസ്.എൻ വിദ്യാഭവൻ റോഡ്, കടമ്പോട്ട് പാടം, ഹിളർ പള്ളി പരിസരം, ഗാർഡിയൻ ആശുപത്രി റോഡ് തുടങ്ങി നിരവധി റോഡുകൾ വെള്ളത്തിലാണ്. കനോലി കനാലും കവിഞ്ഞൊഴുകിയിട്ടുണ്ട്. തീരത്തെ പറമ്പിലേക്കും, വീടുകളിലേക്കും വെള്ളം ഒഴുകുകയാണ്. കൊവിഡ് ഭയന്ന് ആരും ക്യാമ്പുകളിൽ താമസിക്കാൻ തയ്യാറാകാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.