ചാലക്കുടി: കാലവർഷത്തിൽ ജല നിരപ്പുയർന്നത് ചാലക്കുടിപ്പുഴയിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടാക്കി. പടിഞ്ഞാറെ ചാലക്കുടി തോട്ടവീഥിയിൽ കുടുംബ ക്ഷേത്രം ഏതുനിമിഷവും പുഴയിലേക്ക് ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലായി. ഓമംഗലത്ത് ഭഗവതി ക്ഷേത്രത്തിന്റെ പിൻഭാഗത്താണ് വലിയ തോതിൽ മണ്ണിടിഞ്ഞത്. 2018 ലെ പ്രളയത്തിൽ ക്ഷേത്രത്തിന്റെ അഞ്ച് സെന്റ് സ്ഥലം പുഴയെടുത്തുപോയിരുന്നു. ഇപ്പോൾ ക്ഷേത്രത്തിന്റെ അടിത്തറവരെ ഇളകുന്ന അവസ്ഥയിലെത്തി. തിടപ്പിള്ളിയുടെ ചുറ്റുമതിലിന് വിള്ളലും സംഭവിച്ചു. വിവരമറിഞ്ഞ് ടി.ജെ സനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ എന്നിവർ സ്ഥലത്തെത്തി. പ്രശ്‌നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. എത്രയുംവേഗം പരിഹാരമുണ്ടായില്ലെങ്കിൽ പുരാതനമായ ക്ഷേത്രവും ഇതോടൊപ്പം പരിസരത്തെ മറ്റു വീട്ടുപറമ്പുകളും പുഴയിലേക്ക് പോകുമെന്ന് ക്ഷേത്രം ഭാരവാഹി ഒ.കെ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പരിസരത്തെ നിരവധിപേരുടെ പറമ്പുകൾ ഇതിനകം ഇടിഞ്ഞുപോയിട്ടുണ്ട്. മാമ്പ്രക്കാട്ടിൽ വത്സല, മാമ്പ്രക്കാട്ടിൽ നന്ദനൻ, പാടിവട്ടത്ത് കൃഷ്ണൻ, ഊഴവത്ര രാധാകൃഷ്ണൻ, കണ്ണൂക്കാടൻ പോൾ എന്നിവരുടെ ഭൂമിയാണ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. പ്രളയത്തിൽ ഇവരുടെ കുറേ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ അതോററിറ്റി ഇടപെട്ട് അടിയന്തര പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് സ്ഥലത്തെത്തിയ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഇറിഗേഷൻ വകുപ്പ് പുഴയോരംകെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ ഇത് വൃഥാവിലായി. മൂന്നിലൊന്നുപോലും ഉയരമില്ലാതെ കെട്ടിയ ഭിത്തിയാണ് ഇടിഞ്ഞുപോയത്. അടിഭാഗം കെട്ടുന്നതിന് മുകളിലെ മണ്ണ് വലിയ തോതിൽ എടുത്തുമാറ്റിയതും പ്രശ്‌നത്തിന് ഇടയാക്കിയതെന്ന് നഗരസഭ മുൻ കൗൺസിലർ എം.പി ഭാസ്‌കരൻ ചൂണ്ടിക്കാട്ടി.