road
കൂടപ്പുഴ തടയണയുടെ മേലൂർ ഭാഗത്തെ അപ്രോച്ച് റോഡ് തകർന്ന നിലയിൽ

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വെള്ളം കൂടിയത് അറ്റകുറ്റ പണികൾ നടക്കുന്ന കൂടപ്പുഴ തടയണക്ക് ഭീഷണിയായി. ആറാട്ടുകടവിന്റെ മേലൂർ ഭാഗത്ത് വ്യാപകമായി മണ്ണിടിഞ്ഞതാണ് തടയണയുടെ നിലനിൽപ്പ് അപകടത്തിലാക്കിയത്. അപ്രോച്ച് റോഡ് ഏതാണ്ട് പൂർണ്ണമായും ഒലിച്ചുപോയി. പുഴയോരത്തെ റോഡിലും മണ്ണിടിച്ചിൽ സംഭവിച്ചു. പുനർനിർമ്മാണം നടത്തികൊണ്ടിരിക്കുന്ന സാമഗ്രികൾ ഒഴുകിപോവുകയും ചെയ്തു. അപ്രോച്ച് റോഡ് തകർന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കാലവർഷം തീരുംവരെ മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നത് തടയണയുടെ കിഴക്കുഭാഗത്തെ അപകടത്തിലാക്കും. പ്രളയത്തിലാണ് തടയണയ്ക്ക് ഗുരുതരമായ കേടുപാടുണ്ടായത്. ഒരുവർഷം മുമ്പാണ് ഇറിഗേഷൻ വകുപ്പ് നൂറു ലക്ഷം രൂപയുടെ പുനർനിർമ്മാണം തുടങ്ങിയത്. ഓരംകെട്ടി സംരക്ഷിക്കുന്നതിന് 82 ലക്ഷം രൂപയും അനുവദിച്ചു. നടപടിക്രമങ്ങളുടെ കാലതാമസവും ലോക്ക് ഡൗണും പ്രവൃത്തികൾക്ക് കാലതാമസമുണ്ടാക്കി. കെട്ടിയുയർത്തിയ കരിങ്കല്ലുകൾ ഒഴുകിപോയിട്ടുണ്ടെങ്കിൽ പ്രശ്‌നങ്ങൾ കൂടുതൽ ഗൗരവമാകും.