തൃശൂർ: കേരളത്തിലെ ലൈറ്റ് ആന്റ് സൗണ്ട് പന്തൽ അനുബന്ധമേഖലയിലെ സംഘടനയായ ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്തിനുചുറ്റും സ്വരാജ് റൗണ്ടിൽ പ്രതീകാത്മക സൂചകമായി പ്രകാശച്ചങ്ങല തീർത്തു. കൈയ്യിൽ പ്ലക്കാർഡുകളും പ്രകാശിക്കുന്ന ട്യൂബ്‌ലൈറ്റുകളുമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തകർ അണിനിരന്നു. കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണയും നടത്തി. വൈകീട്ട് നടന്ന പ്രതീകാത്മക പ്രകാശ ചങ്ങലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗം, ജില്ലാ വൈസ് പ്രസിഡന്റ് പി.സി ഹൈദ്രോസ്, ജില്ലാ സെക്രട്ടറി എ.പി കെ ജസ്റ്റിൻ,ജില്ലാ ട്രഷറർ ജിജു റപ്പായി, സംസ്ഥാന കമ്മിറ്റി അംഗം സാബുപ്രയാർ ,സംസ്ഥാന കൗൺസിലംഗം സാജ് സുരേഷ് തുടങ്ങീ നിരവധി നേതാക്കൾ പങ്കെടുത്തു. തൊഴിൽമേഖല നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക, മാനസിക പ്രതിസന്ധികൾ അധികാരികളേയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് വേണ്ടിയായിരുന്നു സമരം.