തൃശൂർ: ബാങ്കുകളുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി ബാങ്കിംഗ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തുവെന്ന് വ്യാജസന്ദേശം അയച്ച് ഓൺലൈൻ വഴി പണം തട്ടുന്ന സംഘം സജീവം. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികൾ സൈബർ പൊലീസ് സ്‌റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചതോടെ സിറ്റി പൊലീസ് സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പുമായി രംഗത്തെത്തി. എസ്.ബി.ഐ ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് യോനോ ബാങ്കിംഗ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോട് അനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ എസ്.ബി.ഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കും. അവിടെ യൂസർ നെയിം, പാസ് വേഡ്, ഒ.ടി.പി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. യഥാർത്ഥ ബാങ്ക് വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരം നൽകുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും.
പൊലീസ് നൽകുന്ന മുന്നറിയിപ്പുകൾ
ബാങ്കിൽ നിന്നുമെന്ന വ്യാജേന അപരിചിതരുടെ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന സന്ദേശം വിശ്വസിക്കരുത്.
എസ്.എം.എസുകളിലെ വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
ബാങ്കിംഗ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു.ആർ.എൽ ശ്രദ്ധിക്കുക.
ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാട് നടത്തുക.
സംശയം തോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
ഓൺലൈനിൽ എങ്ങനെ സുരക്ഷിതരാകാം?
ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ശ്രദ്ധാലുവാകുക
ഭാവി പദ്ധതികൾ, സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങൾ, ഫോൺ, വിലാസം എന്നിവ ഒഴിവാക്കുക.
ഓൺലൈനിൽ പങ്കിടുന്ന ഫോട്ടോകളിൽ, ജി.പി.എസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക്, വീട്, വാഹന നമ്പർ തുടങ്ങിയവ ഒഴിവാക്കുക.
ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക, ശരിയായ വെബ്‌സൈറ്റിലേക്കാണ് കണക്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക. വിലാസ ബാറിൽ https:// ഉറപ്പാക്കുക.
കൂടുതൽ സുരക്ഷിതമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. ഫയർഫോക്‌സ്, ഓപ്പൺ ഓഫീസ്, വി.എൽ.സി മീഡിയാ പ്ലേയർ, ലിനക്‌സ് തുടങ്ങിയവ
ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. ആപ്ലിക്കേഷനുകളുടെ വ്യവസ്ഥകൾ, അനുമതികൾ, നിബന്ധനകൾ എന്നിവ നിർബന്ധമായും വായിക്കുക.
ഫോണിൽ ഒരു ഫയർവാൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവശ്യമുള്ള ആപ്പുകൾക്ക് മാത്രം ഇന്റർനെറ്റ് നൽകുക.
പൈറേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കരുത്, ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയർ തിരയാൻ “Opensource media player”, Opensource camera app” എന്ന കീ വേർഡുകൾ ഉപയോഗിക്കുക.