തൃശൂർ: സുഹൃത്ത് മാനഭംഗത്തിനിരയായെന്ന ഒളിമ്പ്യൻ മയൂഖാ ജോണിയുടെ പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്. 2016ൽ നടന്ന സംഭവമായതിനാൽ സാഹചര്യത്തെളിവ് വച്ചാണ് കേസന്വേഷിക്കുന്നതെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാട്ടി പീഡനത്തിന് ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് എസ്.പി പൂങ്കുഴലി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
പീഡനത്തിന് ഇരയായ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തി. ഇക്കാര്യങ്ങളും എസ്.പിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു.
തങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി ഡിജിറ്റൽ തെളിവുകളുൾപ്പെടെ കുറ്റാരോപിതർ ചാലക്കുടി കോടതിയിൽ പരാതി നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.