അന്തിക്കാട്: കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ അന്തിക്കാട് പരപ്പൻ ചാൽ കോൾ പാടശേഖരത്തിലെ കർഷകർ ദുരിതത്തിൽ. 30 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഈ പാടശേഖരത്തിൽ കൃഷിയിറക്കുന്ന 32 കർഷകരാണ് ദുരിതമനുഭവിക്കേണ്ടിവരുന്നത്.
റോഡില്ലാത്തതിനാൽ തലച്ചുമടായി വേണം വിത്തും വളവും മറ്റ് സാധനങ്ങളും പാടത്തേക്ക് എത്തിക്കാനെന്ന് പടവ് കമ്മിറ്റി സെക്രട്ടറി എൻ.ടി. ഷജിൽ പറഞ്ഞു. വിളവെടുക്കുന്ന നെല്ല് പുറത്തേക്ക് കൊണ്ടുപോകാനും തലച്ചുമടല്ലാതെ മറ്റ് മാർഗ്ഗമില്ല. ആവശ്യമായ ഫാം റോഡും ആധുനിക രീതിയിലുള്ള മോട്ടോർ പമ്പ്‌സെറ്റും പടവിലില്ല. ചില പാടശേഖരങ്ങളിൽ കൃഷി ലാഭകരമല്ലാത്തവർഷങ്ങളിൽ പോലും പരപ്പൻ ചാൽ പടവിൽ ശ്രദ്ധേയ വിളവ് ലഭിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു. ഇരുപൂ കൃഷിയിറക്കാൻ കർഷകർ തയ്യാറാണെന്നും ആവശ്യമായ സഹായങ്ങളും അടിയന്തര ഇടപെടലുകളും അധികൃതരിൽ നിന്നുണ്ടാകണമെന്നും പടവ് പ്രസിഡന്റ് കെ.എൻ. വിശ്വംഭരൻ പറഞ്ഞു.