പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക കാക്കത്തുരുത്ത് റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഗ്രാമം ഒറ്റപ്പെട്ടു. കേച്ചേരി പുഴയിലൂടെ ഒഴുകിവരുന്ന വെള്ളം കണ്ടാണശ്ശേരി പഞ്ചായത്തിലെ പറയൻകുഴി പ്രദേശത്ത് ബണ്ട് പൊട്ടിയൊഴുകിയതാണ് കാക്കത്തുരുത്ത് പാടശേഖരത്തിലെ ജലനിരപ്പ് ഉയരാൻ കാരണമാക്കിയത് എന്ന് നാട്ടുകാർ പറയുന്നു. പാടശേഖരത്തിൽ വെള്ളം ഉയർന്നതോടെ കാക്കത്തുരുത്ത് റോഡിലൂടെ വാഹനഗതാഗതം തടസപ്പെട്ടു. തന്മൂലം കാക്കത്തുരുത്തിൽ താമസിക്കുന്ന 28 വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവ് ചെയ്ത് വാക കാക്കത്തുരുത്ത് റോഡിൽ ആറ് മീറ്റർ നീളമുള്ള പാലം നിർമ്മിക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പാലം പണി പൂർത്തീകരിച്ചാൽ വെള്ളം ഒഴുകിപ്പോകാൻ സഹായകമാകും. അതോടെ റോഡിലേക്ക് വെള്ളം ഉയരുന്നത് പരിഹരിക്കപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോഫോക്‌സ് പറഞ്ഞു. കാക്കത്തുരുത്ത് പ്രദേശം ജനപ്രതിനിധികളായ ലതി വേണുഗോപാൽ, ജിയോഫോക്‌സ്, ലീന ശ്രീകുമാർ, എൻ.ബി ജയ, ശ്രീബിത ഷാജി, രാജി മണികണ്ഠൻ എന്നിവർ സന്ദർശിച്ചു.