വാടാനപ്പിള്ളി: ട്രിപ്പിൾ ലോക്ക് ഡൗണായ വാടാനപ്പിള്ളിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇന്നലെ കൊവിഡ് കോർ കമ്മിറ്റിയുടെ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. നിലവിൽ വാടാനപ്പിള്ളി പഞ്ചായത്ത് പ്രദേശത്ത് 447 ആക്ടീവ് കേസുകളുണ്ടെന്നും വാരാന്ത്യ ടി.പി.ആർ 22.16 ശതമാനം ഉള്ളതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി. പഞ്ചായത്തിലെ നിലവിൽ 20 പോസിറ്റീവ് കേസിലധികം റിപ്പോർട്ട് ചെയ്തിട്ടുള്ള 1,4,11,14,16,17,18 വാർഡുകളിലെ ഇടറോഡുകൾ പൂർണ്ണമായി അടച്ചുകെട്ടി സഞ്ചാരം പരമാവധി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. സത്യവാങ്മൂലം അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ പിഴശിക്ഷ ഏർപ്പെടുത്താൻ സെക്ട്രറൽ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം നിസാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സബിത്ത് എ.എസ്, രന്യ പ്രദീപ്, സുലേഖ ജമാലു, സെക്ട്രറൽ മജിസ്‌ട്രേറ്റ്, തൃത്തല്ലൂർ സി.എച്ച്.സി സൂപ്രണ്ട്, ഹെൽത്ത് ഇൻസ്‌പെകടർ, വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.ഐ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.