കുന്നംകുളം: മണ്ണെടുപ്പ് മൂലം തകർച്ച ഭീഷണി നേരിടുന്ന കല്ലഴിക്കുന്ന് കലശമല റോഡിന്റെ അരികിൽ അപകട ഭീഷണിയൊഴിവാക്കാനായി താത്കാലിക സംരക്ഷണ വേലി കെട്ടി. പോർക്കുളം പഞ്ചായത്തംഗം ബിജു കോലാടിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ഭാഗം ചാക്കുകൾ കൊണ്ട് മറച്ചത്.

റോഡരികിലെ സ്ഥലത്ത് സ്വകാര്യ വ്യക്തി 50 അടിയിലേറെ താഴ്ചയിൽ മണ്ണെടുത്തിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് മണ്ണെടുത്ത ഈ പ്രദേശത്ത് മഴക്കാലത്ത് മണ്ണിടിച്ചിൽ തുടങ്ങിയതോടെയാണ് റോഡിന് ഭീഷണിയായി തുടങ്ങിയത്. ഓരോ മഴക്കാലത്തും മണ്ണിടിച്ചിൽ തുടർന്നതോടെ റോഡിന്റെ അടിവശം ഇടിഞ്ഞ നിലയിലായി.

റോഡരികിൽ സ്ഥിരം സംരക്ഷണ വേലി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗത്തിന്റെ എതിർവശത്തേക്ക് റോഡ് നീക്കി പണിഞ്ഞ് അപകട ഭീഷണി ഒഴിവാക്കണമെന്ന നിർദ്ദേശവും പ്രദേശവാസികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.