sukhachikilsa

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കുമായി ഒരുമാസം നീണ്ടു നിൽക്കുന്ന സുഖചികിത്സ അരംഭിച്ചു. ശ്രീവടക്കുന്നാഥൻ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ആനകളെ തേച്ച് കുളിപ്പിച്ച് ഒരുക്കി ക്ഷേത്രാങ്കണത്തിലെത്തിച്ച് മരുന്നുകളുടെ ചേരുവകളോടു കൂടിയ ചോറുരുള നൽകിയാണ് സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചത്. ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, തൃശുർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, ഡോ. കെ.പി. അരുൺ, ലൈവ് സ്റ്റോക്ക് മാനേജർ കെ.കെ. സിജു, വടക്കുന്നാഥൻ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ച്യവനപ്രാശം, അരി, അഷ്ടചൂർണം, മഞ്ഞൾപൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും ഗുളികകളുമാണ് സുഖചികിത്സയ്ക്കായി ദേവസ്വത്തിലെ ആനകൾക്ക് നൽകുന്നത്. ദേവസ്വം എലിഫന്റ് കൺസൾട്ടന്റ് ഡോ. പി.ബി. ഗിരിദാസന്റെ നിർദ്ദേശമനുസരിച്ചാണ് സുഖചികിത്സ നടത്തുന്നത്. ബോർഡിന്റെ കീഴിലുള്ള നെല്ലുവായ് ധന്വന്തരി ആയുർവേദ ആശുപത്രിയിലാണ് മരുന്നുകൂട്ടുകൾ തയ്യാറാക്കിയത്. കൊച്ചിൻ ദേവസ്വം ബോർഡിന് ഇപ്പോൾ ആറ് ആനകളാണുള്ളത്.