care-center
അഴിക്കോട് ഡൊമിസിലറി കെയർ സെന്റർ

കൊടുങ്ങല്ലൂർ: ആധുനിക സൗകര്യങ്ങൾ ഒരുക്കി അഴീക്കോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്റർ മാതൃകയാകുന്നു. 100 കിടക്കകൾ സജ്ജീകരിച്ചിട്ടുള്ള സെന്ററിൽ വൈഫൈ,​ ടി.വി തുടങ്ങിയ സൗര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രതിദിനം പാൽ,​ മുട്ട,​ പഴവർഗങ്ങൾ എന്നിവയാണ് രോഗികൾക്ക് നൽകുന്നത്.

ഡോ. ഫെനി, ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അക്ബർ അലി എന്നിവരാണ് ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പതിനൊന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങളാണ് രോഗികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്.

ഭക്ഷ്യവസ്തുക്കൾ സുമനസുകളാണ് സംഭാവന ചെയ്യുന്നത്. പഞ്ചായത്തിലെ 23 വാർഡിലെയും ജനപ്രതിനിധികൾക്കാണ് ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല. റാപ്പിഡ് റെസ്‌പോൺസ് ടീമും സജീവമായി രംഗത്തുണ്ട്. ഓരോ വാർഡിലെയും മെമ്പർമാരും രണ്ട് വീതം ആർ.ആർ.ടികളും,​ ആശ വർക്കർമാരും അദ്ധ്യാപകരടക്കമുള്ള കെയർ ടേക്കർമാർ അടങ്ങുന്ന ടീം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഡ്യൂട്ടി ചെയ്യുന്നത്.

പുരുഷ വാർഡ് മെമ്പർമാർക്കാണ് രാത്രിയിലെ ചുമതല. പഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വാർ റൂം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്‌സിജൻ ആംബുലൻസുകൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പൊസിറ്റീവായ ഒരാളെ കൊണ്ടു വരുന്നതിനും നെഗറ്റീവ് ആയാൽ തിരികെ വീട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.