snail
പവർ ഹൗസിന്റെ മതിലിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒച്ചുകളെ താഴെയിടുന്ന നാട്ടുകാർ

ചാലക്കുടി: ആഫ്രിക്കൻ ഒച്ചുകളുടെ കടന്നു കയറ്റം നഗരത്തിലേക്കും. കെ.എസ്.ഇ.ബി പവർ ഹൗസ് പരിസരത്താണ് ഒച്ചുകൾ നിറഞ്ഞിരിക്കുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് ഒച്ചുകളാണ് പരിസരവാസികളുടെ ഉറക്കം കെടുത്തുന്നത്. പ്രതിരോധിക്കാൻ ഉപ്പ് നിറച്ച കുപ്പികളുമായി വീട്ടമ്മമാരടക്കം രംഗത്തുണ്ട്. കൂടപ്പുഴയിൽ കാർഷിക വിളകൾ കുറവായ പ്രദേശമായതിനാൽ ഈ വിഷജീവികളുടെ കടന്നു കയറ്റം വീടിനകത്തേയ്ക്കും എത്തിയിരിക്കുകയാണ്.

പവ്വർ ഹൗസിന്റെ മതിക്കെട്ടിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ ആവാസമെന്ന് നാട്ടുകാർ പറയുന്നു. നേരം ഇരുട്ടിയാൽ മതിലിൽക്കൂടി പുറത്തു കടക്കുന്ന ഇവ സമീപത്തെല്ലാം നിറയും. പല വീടുകളിലേയും കാർഷിക വിളകൾ ആക്രമിച്ച് തുടങ്ങിയിട്ടുണ്ട്. ഇവിടെ എല്ലാ വീടുകളുടെ മുൻ ഭാഗത്തും ഇപ്പോൾ ഉപ്പ് നിറച്ച പാത്രത്തിനാണ് പ്രഥമ സ്ഥാനം. ഉപ്പുവെള്ളം നിറച്ച സ്‌പ്രേ പ്രയോഗവുമുണ്ട്. പരാ പറമ്പിൽ വിജേഷ്, അതിയാരത്ത് സാബു, കാട്ടുപറമ്പിൽ സുകുമാരൻ, തുക്കുപറമ്പിൽ ജോണി, വടക്കേടത്ത് ഗോപി, പുത്തൻപുരക്കൽ മോഹൻദാസ് തുടങ്ങിയ തൊട്ടടുത്ത വീട്ടുകാരെല്ലാം ഒച്ചിനെതിരെ രംഗത്തിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. തൊട്ടടുത്ത ക്ഷേത്രത്തിലും ഇവയുടെ ശല്യം തുടങ്ങി. റോഡിന്റെ മറുഭാഗത്തെ കാർഷിക വകുപ്പിന്റെ ഫാമിലേക്കും ഇവ എത്തിപ്പെടുന്ന കാലം വിദൂരമല്ല. കുറ്റിക്കാട് പടർന്നു കിടക്കുന്ന പവർ ഹൗസ് ശുചീകരിക്കണമെന്നും ഇവയെ തുരത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കിടക്കയിലേക്കും ചെറിയ ഒച്ചുകൾ ഇഴഞ്ഞെത്തുന്നുണ്ട്. ഇവയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. വീടിന്റെ പിൻ ഭാഗത്തും അടുക്കളയിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്.

- വടക്കൻ ബേബി (വീട്ടമ്മ)

കഴിഞ്ഞ വർഷം ഏതാനും ഒച്ചുകളെ കണ്ടെത്തിയെങ്കിലും അത്രകാര്യമാക്കിയില്ല. എന്നാൽ ഇപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലായി.

- കോരങ്ങത്ത് വീട്ടിൽ രവി (പ്രദേശവാസി)