sreekumar

മാള: കൊവിഡിനെ പ്രതിരോധിക്കാം, ആരോഗ്യവും സംരക്ഷിക്കാം. ഒപ്പം കീശയും കീറില്ല..!! പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റായ ശ്രീകുമാറിന്റെ (41) സൈക്കിൾ സവാരിക്ക് ഗുണങ്ങളേറെ. മാളയ്ക്കടുത്തുള്ള ഐരാണിക്കുളം വലിയവീട്ടിൽ ശ്രീകുമാർ കഴിഞ്ഞ ഒന്നര വർഷമായി സൈക്കിളിലാണ് ജോലിക്ക് വരുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ബസ് ഇല്ലാതായപ്പോഴാണ് സൈക്കിൾ സവാരിയെന്ന ആശയം ഉദിക്കുന്നത്. പിന്നീടത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. രണ്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ബൈക്ക് ഷെഡിൽ കേറ്റി ഇപ്പോൾ 7,000 രൂപയുടെ സൈക്കിളിലാക്കി പരമാവധി യാത്ര.

വീട്ടിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് ആശുപത്രിയിലേക്ക്. രാവിലെ 7.30ന് വീട്ടിൽ നിന്ന് ഇറങ്ങും. യാത്രയ്ക്ക് ഒരു മണിക്കൂർ സമയമെടുക്കും. ജോലിക്കെത്തുമ്പോൾ വസ്ത്രം മാറി വിയർപ്പാറ്റും. ഇന്ധന വില വർദ്ധനവും, ജീവിത ശൈലീ രോഗങ്ങളും ഇപ്പോൾ ചിന്തയിലില്ല. ആദ്യമൊക്കെ സഹപ്രവർത്തകരും ആശുപത്രിയിലെത്തുന്നവരും ആശ്ചര്യത്തോടെയാണ് ശ്രീകുമാറിനെ വരവേറ്റത്. ഇപ്പോൾ സൈക്കിൾ ചലഞ്ചിൽ സഹപ്രവർത്തകരായ രണ്ട് ജീവനക്കാരികളും ഒപ്പം ചേർന്നു. ലാബ് ടെക്‌നീഷ്യന്മാരായ രഞ്ജിത രമേശനും, സി.ഡി ഡെൽഫിയും. രണ്ടാഴ്ചയായി ഇവർ സൈക്കിളിലാണെത്തുന്നത്. ശ്രീകുമാർ നൽകിയ പ്രചോദനമാണ് ഇരുവർക്കും ഊർജ്ജം. ചാലക്കുടി സ്വദേശിയായ രഞ്ജിത 15 കിലോമീറ്ററും മേലൂർ സ്വദേശിയായ ഡെൽഫി 22 കിലോമീറ്ററും ദൂരത്ത് നിന്ന് സൈക്കിളിലെത്തുന്നു. ആരോഗ്യ സന്ദേശം നൽകുന്ന ഈ സവാരിയിലേക്ക് കൂടുതൽ സഹപ്രവർത്തകരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശ്രീകുമാർ.

കഴിഞ്ഞ ഒന്നര വർഷം സാമ്പത്തികമായും ആരോഗ്യപരമായും വലിയ ലാഭമാണുണ്ടായത്. വ്യായാമം ഒരു നല്ല ആശയത്തിനായി ഉപയോഗിച്ചപ്പോൾ ആരോഗ്യത്തോടൊപ്പം സാമ്പത്തിക ലാഭവുമുണ്ടായി. ദിവസം ഇന്ധനത്തിനായി നൂറ് രൂപയോളം ചെലവഴിക്കേണ്ടത് ഒഴിവാക്കി. അത്യാവശ്യത്തിന് മാത്രമാണ് ഇപ്പോൾ ബൈക്ക് ഉപയോഗിക്കുന്നത്.

ശ്രീകുമാർ.