kulam
ചിക്കിനിക്കുളം നാട്ടുകാർ വൃത്തിയാക്കുന്നു

മണ്ണപ്പേട്ട: ഒന്നര പതിറ്റാണ്ടായി ചണ്ടിയും പായലും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന ചിക്കിനിക്കുളത്തിന് സന്നദ്ധ പ്രവർത്തനത്തിലൂടെ ശാപമോക്ഷം നൽകി നാട്ടുകാർ. പതിനാലാം വാർഡിലാണെങ്കിലും പതിനൊന്നാം വാർഡിന്റെ അതിർത്തിയിലാണ് ചിക്കിനിക്കുളം സ്ഥിതി ചെയ്യുന്നത്. ഒന്നര ഏക്കറോളം വിസ്തൃതിയുളള കുളം തെക്കേക്കര കാളക്കല്ല് നിവാസികൾ കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന അളഗപ്പനഗറിലെ ഏറ്റവും വലിയ ജലസ്രോതസാണ്.

നെല്ലിമലയോട് ചേർന്ന് കിടക്കുന്നത് കൊണ്ട് മലയിൽ നിന്നു വരുന്ന വെള്ളത്തെയും സംഭരിച്ച് ഈ കുളമാണ് വേനലിലും കിണറുകളിൽ ജലനിരപ്പ് താഴാതെ ഒരു പരിധിവരെ നാട്ടുകാരെ സഹായിക്കുന്നത്. ജാതി, വാഴ തുടങ്ങിയ കൃഷി ചെയ്യുന്നവരും ഈ കുളത്തെ ആശ്രയിക്കുന്നു.
പതിനാലാം വാർഡ് അംഗം വി.കെ. വിനീഷിന്റെയും പതിനൊന്നാം വാർഡ് അംഗം അശ്വതി പ്രവീണിന്റെയും നേതൃത്വത്തിൽ നാട്ടുകാരും നിനവ് ക്ലബ്, ബുൾസ്റ്റോൺ ക്ലബ് പ്രവർത്തകരും ചേർന്നാണ് കുളം വൃത്തിയാക്കിയത്. ശുചീകരണ പ്രവൃത്തി കാണാനെത്തിയ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് 10 ലക്ഷം രൂപ കുളത്തിന്റെ വികസന പ്രവൃത്തിക്ക് അടിയന്തരമായി അനുവദിക്കാമെന്ന് അറിയിച്ചു.
പി.ആർ. രാജൻ, സി.ജെ. അനീഷ്, കെ.ടി. ദീപക്, പി.യു. ഹരികൃഷ്ണൻ, സുനിൽ, മനോജ്, ടോണി, സി.വി. സനോജ് തുടങ്ങിയവർ നേതൃത്വം നൽകി.


.