ഒല്ലൂർ: എടക്കുന്നി കനകശേരി റോഡിലെ ദുർഗതോടിനോട് ചേർന്ന പാലത്തിനരികിൽ ഗർത്തം രൂപംകൊണ്ടു. ഇക്കണ്ട വാര്യർ റോഡിലെ മണലാർ പാലത്തിനോട് ചേർന്ന റോഡിലാണ് 3 അടി താഴ്ചയിലും 6 അടി വീതിയിലുമുള്ള ഗർത്തം രൂപം കൊണ്ടത്. ചരക്ക് വാഹനങ്ങൾ എത്തിയാൽ റോഡ് കുഴിഞ്ഞ് വാഹന ഗതാഗതം പൂർണ്ണമായി നിലയ്ക്കാവുന്ന അവസ്ഥയിലാണിപ്പോൾ. 40 കൊല്ലം മുമ്പ് നിർമ്മിച്ച പാലമാണിത്. പാലത്തിന്റെ പല ഭാഗങ്ങളും തകർന്ന് ബലം ക്ഷയിച്ച നിലയിലാണ്. കൂടാതെ റോഡിനെ അപേക്ഷിച്ച് വീതിയും കുറവാണ്. ഇതിനോട് ചേർന്ന് ഗർത്തം രൂപംകൊണ്ടത് പാലത്തിനും ഭീഷണിയാണ്. മരത്താക്കര മേഖലയിലുള്ളവർക്ക് ഒല്ലൂരിലെത്താനുള്ള എളുപ്പവഴിയെന്ന നിലയിൽ ഒട്ടേറെ പേരാണ് ഈ വഴിയെ ആശ്രയിക്കുന്നത്. പുതിയ പാലം നിർമ്മിക്കണമെന്നും അടിയന്തരമായി ഇതിലൂടെയുള്ള ചരക്കു വാഹനങ്ങൾ നിരോധിക്കണമെന്നും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം നന്ദൻ കുന്നത്ത് ആവശ്യപ്പെട്ടു.