മാള: പ്രളയത്തിൽ തകർന്ന കോട്ടമുറി - കൊടവത്തുകുന്ന് പാലത്തിനോട് ചേർന്നുള്ള നിർമ്മാണത്തിലിരിക്കുന്ന റോഡ് വൈന്തോട്ടിലേക്ക് ഇടിഞ്ഞു. അപകടാവസ്ഥയിലായ റോഡിലൂടെയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു. പ്രളയത്തിൽ പൂർണമായി ഒലിച്ചുപോയ റോഡിന്റെ വശങ്ങൾ പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയത്.
റോഡിന്റെ നിർമ്മാണം പൂർത്തിയാകും മുമ്പേ വശങ്ങൾ ഇടിഞ്ഞത് കൂടുതൽ ആശങ്കയ്ക്കിടയാക്കി. ഭാരം കൂടിയ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള ഉറപ്പ് പാലത്തിനും അനുബന്ധ റോഡിനും ഇല്ലാത്തതാണ് ഇടിയാൻ കാരണം.
പാലത്തിന് കൈവരി ഇല്ലാത്തതിനാൽ ഏതാനും ദിവസം മുമ്പ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുള ഉപയോഗിച്ച് കൈവരി കെട്ടിയിരുന്നു. പ്രളയം കഴിഞ്ഞ് രണ്ട് വർഷമായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ പുനർനിർമ്മാണം എങ്ങും എത്തിയിട്ടില്ല. ജല അതോറിറ്റിയുടെ പ്രധാന പൈപ്പുകൾ തകർന്നത് മാത്രമാണ് പൂർണമായി പുനഃസ്ഥാപിച്ചിട്ടുള്ളത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വശങ്ങൾ കെട്ടി തുടങ്ങിയെങ്കിലും തുടർനടപടികൾ ഫയലിൽ കുടുങ്ങി.
പാലവും റോഡും പുനർനിർമ്മിക്കുമെന്ന അധികൃതരുടെ വാക്കുകൾ എന്ന് പാലിക്കുമെന്ന് കാത്തിരിക്കുന്നതിനിടയിലാണ് ചെയ്തതും വെള്ളത്തിലായത്. റോഡ് ഇടിച്ചിൽ വർദ്ധിക്കുന്നതിനിടയിൽ ഈ ഭാഗം പുനർനിർമ്മിക്കുന്നതും ശ്രമകരമാണ്. ബലക്ഷയം മറ്റു ഭാഗങ്ങളിലേക്കും ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ഇക്കാര്യത്തിൽ അധികൃതർ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.