tokyo-olympics

തൃശൂർ: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്‌സ് 2020 ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും തൃശൂർ സായിയും സംയുക്തമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണം മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അദ്ധ്യക്ഷത വഹിക്കും. ദീപശിഖാ പ്രയാണം തൃശൂർ തെക്കേ ഗോപുര നടയിൽ നിന്ന് ആരംഭിച്ച് റൗണ്ടിനു ചുറ്റും 25 അസോസിയേഷനുകളുടെ ബാനറിൽ കായിക താരങ്ങൾ അണിനിരന്ന് ദീപശിഖ കൈമാറി റൗണ്ട് ചുറ്റും. തേക്കിൻക്കാട് മൈതാനത്ത് സമാപനം ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ നിർവഹിക്കും.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സോഷ്യൽ മീഡിയയിൽ ഒളിമ്പിക്‌സിനെക്കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ പോസ്റ്റർ തയ്യാറാക്കി കേരള ഒളിമ്പിക്‌സ് അസോസിയേഷൻ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാം പേജിലോ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന തരത്തിൽ മത്സരവും നടത്തും.
വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. സാംബശിവൻ, ജനറൽ സെക്രട്ടറി ബിന്നി ഇമ്മട്ടി, സെക്രട്ടറി ഡോ. സ്റ്റാലിൻ റാഫേൽ, ജനറൽ കൺവീനർ കെ.എൽ. മഹേഷ്, പി.വി അജയ്കുമാർ എന്നിവർ പങ്കെടുത്തു.