ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ബ്ലാങ്ങാട് കടപ്പുറത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോയ തിരുവത്ര പുത്തൻകടപ്പുറം സ്വദേശി ദഷിണമൂർത്തിയുടെ ഉടമസ്ഥതയിലുള്ള 'ഉത്രാടം' വള്ളമാണ് ശക്തമായ തിരയിൽപെട്ട് മറിഞ്ഞത്. കടപ്പുറം മൂസ റോഡ് സ്വദേശികളായ മുഹമ്മദ് അസ്‌ലം(22), രാഹുൽ കോലോത്ത്(24), തൊട്ടാപ്പ് സ്വദേശി ഷെമീർ(33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 മത്സ്യതൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ദ്വാരക സ്വദേശിയായ ആറുകെട്ടി ശശിയാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വള്ളവും എൻജിനും പൂർണമായും തകർന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലും സംഭവസ്ഥലത്തും കടപ്പുറം മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം ഹനീഫ, ഡയറക്ടർമാരായ കരിമ്പൻ സന്തോഷ്, സി.പി മണികണ്ഠൻ എന്നിവർ സന്ദർശിച്ചു.