തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ 53 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം.ബി.ബി.എസ് രണ്ടും മൂന്നും വർഷങ്ങളിലെ 39 വിദ്യാർത്ഥികൾക്കും ഡെന്റലിലെ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ബാച്ചുകൾക്കും അവധി പ്രഖ്യാപിച്ചു. രോഗബാധിതരെല്ലാം ഹോസ്റ്റലിലുള്ളവരാണ്. തുടർന്ന് ഹോസ്റ്റൽ അടച്ചു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന് സുരക്ഷാ മുൻകരുതലുകളെടുത്തു. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വീടുകളിലേക്ക് മാറ്റി. 75 പേർ ക്വാറന്റൈനിലാണ്. രോഗബാധിതരിൽ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. 453 വിദ്യാർത്ഥികൾക്കാണ് കൊവിഡ് പരിശോധന നടത്തിയത്.

ആശുപത്രി പരിസരത്തുള്ള ഇന്ത്യൻ കോഫിഹൗസിലെ 11 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഒരു ജീവനക്കാരൻ ഞായറാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. ഇവിടെ അറുപതോളം ജീവനക്കാരുണ്ട്. കോഫി ഹൗസും അടച്ചു. എല്ലാ മെഡിക്കൽ കോളേജിലും വ്യാപകപരിശോധന നടത്താൻ നിർദ്ദേശിച്ചിരുന്നതായി ഡി.എം.ഒ. ഡോ. കെ.ജെ. റീന അറിയിച്ചു.