തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ എം.ബി.എസ്.എസ് വിദ്യാർത്ഥികൾക്ക് പുറമേ ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാർക്കും കൊവിഡ് ബാധിച്ചതോടെ ആശങ്കയേറി. അമ്പതിലേറെ വിദ്യാർത്ഥികൾക്കും 13 കോഫിഹൗസ് ജീവനക്കാർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച വിദ്യാർത്ഥികളെല്ലാം തന്നെ വാർഡുകളിൽ രോഗികളെ ചികിത്സിക്കാനെത്തിയിരുന്നുവെന്നത് കൂടുതൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
നിലവിൽ നിരവധി ഡോക്ടർമാരും രോഗികളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിനിടയിലാണ് ഇത്രയേറെ പേർക്ക് ഒറ്റയടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നും പകർന്നതാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറച്ച് നാളായി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾ കൃത്യമായി മാസ്‌ക് ധരിക്കാതെ രോഗികളുടെ ഇടയിലൂടെ നടക്കുന്നതായി പരാതിയുണ്ടായിരുന്നു.
രോഗികൾക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കാറുള്ളൂ. എന്നാൽ ഇവർ ഭക്ഷണം വാങ്ങാനും മറ്റും പുറത്തിറങ്ങുന്നതും ഭീഷണിയാണ്. രോഗം സ്ഥിരീകരിച്ച രണ്ട്, മൂന്ന് വർഷ വിദ്യാർത്ഥികളിൽ ഗുരുതര പ്രശ്‌നങ്ങളുള്ള 12 പേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജ് പുരുഷ ഹോസ്റ്റലിൽ താമസിക്കുന്നവരാണിവർ. കൊവിഡിനെ തുടർന്ന് 2019 ബാച്ച് വിദ്യാർത്ഥികളുടെ ക്ലാസ് നിറുത്തിയിട്ടുണ്ട്.
75 പേർ നിലവിൽ സമ്പർക്ക വിലക്കിലാണ്. വിവിധ സെമസ്റ്റർ പരീക്ഷകൾ നടക്കുന്നതിനാൽ ഹോസ്റ്റൽ പൂർണമായി അടച്ചിട്ടില്ല. രോഗികൾ താമസിച്ചിരുന്ന ഭാഗം ശുചീകരിച്ച് അടച്ചിട്ട് ബാക്കി ഭാഗങ്ങളിൽ പരീക്ഷക്കാർ കഴിയുകയാണ്. കഴിഞ്ഞദിവസം വരെ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് രോഗികളുമായും അവരുടെ കൂട്ടിരിപ്പുകാരുമായും സമ്പർക്കം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊവിഡ് വ്യാപനം ഏറുമോയെന്ന ആശങ്കയുണ്ട്. അതിനിടെ ജില്ലാ ആരോഗ്യ വകുപ്പ് ഇടപെട്ടാണ് 500 പേരുടെ അധിക കൊവിഡ് പരിശോധന നടത്തിയത്. രോഗ വ്യാപനം തടയാൻ നടപടികൾ ആരംഭിച്ചു. അടിയന്തരമായി ഇന്നലെ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി.
കോഫി ഹൗസ് അടച്ചു
മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ നിരവധി പേർക്ക് കൊവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് കോഫിഹൗസ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് അധികൃതർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊവിഡ് സ്ഥിരീകരിച്ച കോഫി ഹൗസിലെ കൗണ്ടർ ക്ലാർക്ക് വീട്ടിൽ കുഴഞ്ഞ് വീണത്. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അറുപതോളം പേർ ജോലി ചെയ്യുന്ന ഇവിടെ കൂടുതൽ പേർക്ക് രോഗം പിടിപെടാൻ സാദ്ധ്യത നിലനിൽക്കുന്നു.
എല്ലായിടത്തും തിക്കും തിരക്കും
മെഡിക്കൽ കോളേജിൽ ഒരിടത്തും നിയന്ത്രണങ്ങളില്ലാതെയാണ് ആളുകൾ കൂട്ടംകൂടി നിൽക്കുന്നത്. ആശുപത്രി പരിസരത്ത് നിരവധി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടെങ്കിലും ഇത് നിയന്ത്രിക്കുന്നില്ലെന്നും പറയുന്നു. വാക്‌സിനായി ടോക്കൺ എടുക്കുന്ന കേന്ദ്രങ്ങളിലും ഒ.പി.ടിക്കറ്റ് എടുക്കുന്ന സ്ഥലങ്ങളിലുമെല്ലാം വൻതിരക്കാണ്.