വടക്കാേഞ്ചരി: കാലവർഷം കനത്തതോടെ ചാത്തൻചിറ ഡാമിലെ നീരൊഴുക്ക് വർദ്ധിച്ചു. അകമല കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് കൂടുതലായും ഡാമിൽ എത്തുന്നത്. കഴിഞ്ഞ സർക്കാർ ഇക്കോടൂറിസം പദ്ധതിയിൽ ചാത്തൻചിറ ഡാമിനെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എരുമപ്പെട്ടി പഞ്ചായത്തിലാണ് ചിറ സ്ഥിതി ചെയ്യുന്നതെങ്കിലും വടക്കാഞ്ചേരിക്ക് അടുത്താണ്. വടക്കാഞ്ചേരിയിൽ നിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ ചാത്തൻചിറയിലെത്താം. ഇരുനൂറോളം വർഷം മുമ്പ് ശർക്കര, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിട്ടുള്ളത്. മണ്ണ് വന്ന് അടിഞ്ഞതോടെ 2016ൽ ആർ.ഐ.ഡി.എഫ് പദ്ധതി നിർവ്വഹണ വകുപ്പ് കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ ഡാം നവീകരിച്ചിരുന്നു. ഡാമിലെ ചെളി വാരിനീക്കി ആഴംകൂട്ടിയിരുന്നു. ഇരുകരകളും വൃത്തിയാക്കി സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. പത്തുമീറ്ററോളം ഉയരവും നൂറുമീറ്ററോളം വീതിയുമുള്ള ഡാമിന്റെ കെട്ടിന് നാലര ഏക്കറോളം വിസ്തൃതിയുണ്ട്. ഡാമിലെ വെള്ളം ഉപയോഗിച്ച് നിരവധി കർഷകർ കൃഷി ചെയ്തുവരുന്നുണ്ട്. കൊടുമ്പ്, കാഞ്ഞിരക്കോട് പ്രദേശങ്ങളിൽ നിന്നും ഡാമിൽ ഒഴുകിയെത്തുന്ന വെള്ളം വടക്കാഞ്ചേരി പുഴയിലേക്കും വന്നു പതിക്കുന്നുണ്ട്. ഡാമിൽ വെള്ളം നിറഞ്ഞതോടെ കണ്ടാസ്വദിക്കാനായി നിരവധിപേർ ചാത്തൻചിറയിലെത്തുന്നുണ്ട്. പ്രകൃതിയൊരുക്കിയ കാനനകാഴ്ചകൾ കണ്ടുകൊണ്ട് ചത്തൻചിറയിലെത്താം.