ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് കുഴിങ്ങര മേഖലയിൽ ചത്ത മൃഗങ്ങളെ പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്നത് തുടർക്കഥയാവുന്നു. ദുർഗന്ധം സഹിക്കവയ്യാതെ പരിസരവാസികൾ ദുരിതത്തിലാണ്. പുന്നയൂർ കുഴിങ്ങര, മൂക്കഞ്ചേരി പാടശേഖരങ്ങളിലാണ് ചത്ത ആടിനെ പ്ലാസ്റ്റിക് ചാക്കിലാക്കി തള്ളിയിരിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പാടശേഖരങ്ങൾ. കഴിഞ്ഞ ദിവസം മന്നലാംകുന്ന് പാലത്തിന് മുകളിലും ഇത്തരത്തിൽ ചത്ത ആടിനെ ഉപേക്ഷിച്ചിരുന്നു. ഇവിടെ പരിസരവാസികൾ നിരീക്ഷണം നടത്തുന്നു എന്നറിഞ്ഞതോടെയായിരിക്കണം സ്ഥലംമാറ്റി മൂക്കഞ്ചരി പാടശേഖരത്ത് മാലിന്യം തള്ളിയത്. ഇതിനുപുറമേ അറവ് മാലിന്യങ്ങളും പഴം,പച്ചക്കറി അവശിഷ്ടങ്ങളും ബാർബർ ഷോപ്പുകളിലെ അവശിഷ്ടങ്ങളും മറ്റും തള്ളുന്നത് പതിവാണ്. രാത്രി സമയങ്ങളിലും ആരും ഇല്ലാത്ത നേരത്തുമാണ് ഈ പ്രവർത്തികൾ നടക്കുന്നത്. നിരവധിതവണ അധികൃതരോട് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ബോർഡ് പോലും ഇവിടെ വെച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിച്ചു. മുൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പരിസരവാസികൾ ചേർന്ന് ആടിനെ കുഴിച്ചുമൂടി.