ചാലക്കുടി: മുരിങ്ങൂരിലും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. മേലൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തിയ്യറ്റർ റോഡിലാണ് ജനജീവിതം ദുസ്സഹമാക്കുന്ന ഇവയുടെ തേർവാഴ്ച. ഇവിടെ മരച്ചീനിയും വാഴയും കൃഷി ചെയ്യുന്ന പറമ്പ് ഒച്ചുകളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. രണ്ടിനങ്ങളും വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണവിടെ. മരച്ചീനി തണ്ടുകളും വാഴകളും കൈയ്യടക്കിയ ഒച്ചിൻപട എല്ലാത്തിനേയും കാർന്നു തിന്നു. പറമ്പിൽ നിന്നിറങ്ങുന്ന ക്ഷുദ്ര ജീവികൾ സമീപത്തെ വീട്ടുകാരുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് മാസങ്ങളായി. ഇരുപതോളം കുടുംബങ്ങൾ രാപ്പകലില്ലാതെ ഭയപ്പാടിലുമായി. ഉപ്പുപൊടി വിതറിയും തുരിശു ലായനി തളിച്ചും പ്രതിരോധിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഇവയുടെ മുന്നിൽ വിലപ്പോകുന്നില്ല. പലതവണ പരാതി കൊടുത്തെങ്കിലും ഇതുവരേയും നടപടിയുണ്ടായില്ല. കൂടപ്പുഴയിലെ ഒച്ച് ശല്യത്തിന്റെ വാർത്ത 'കേരള കൗമുദി 'യിൽ വന്നതിനെതുടർന്ന് ഇതു സംബന്ധിച്ച ചർച്ചകളും സജീവമായി. തുടർന്ന് മേലൂർ കൃഷി ഓഫീസർ ഷിസ ഉല്ലാസും സംഘവും സ്ഥലം സന്ദർശിച്ചു. കൃഷിഭവൻ കേന്ദ്രീരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് ഓഫീസർ വ്യക്തമാക്കി. പഞ്ചായത്തും കർമ്മ പരിപാടികളിലൂടെ ഒച്ചുകളെ തുരത്താൻ തയ്യാറെടുക്കുയാണെന്ന് പഞ്ചായത്തംഗം പി.പി പരമേശ്വരൻ പറഞ്ഞു. ഇതിനിടെ പടിഞ്ഞാറെ ചാലക്കുടിയിലെ എഫ്.സി.ഐ ഗോഡൗൺ പരിസരത്തും ഒച്ചുകളുടെ ശല്യം രൂക്ഷമായി. ഇവിടെ ദേവി നഗറിലെ പലവീടുകളിലും ചെറിയ ആഫ്രിക്കൻ ഒച്ചുകൾ തമ്പടിച്ചിരിക്കുകയാണ്.
ഒച്ചിനെ ഭയന്ന് വീട് ഉപേക്ഷിച്ച് പോകാൻ തയ്യാറാവുകയാണ് ഇവിടെ ഒരു കുടുംബം. മുരിങ്ങൂരിലാണ് ആഫ്രിക്കൻ ഒച്ചുകളിൽ നിന്നും രക്ഷപ്പെടാൻ ഒരു കുടുംബം തയ്യാറെടുക്കുന്നത്. പള്ളിപ്പാട്ട് തോമസിന്റെ വീട് ഷീറ്റ് മേഞ്ഞതാണെങ്കിലും ഒച്ചിന്റെ ശല്യം മൂലം വീട്ടിൽ പൊറുക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. വീടിന്റെ ഓരം ചേർന്ന പറമ്പിൽ തമ്പടിച്ചിരിക്കുന്ന ഒച്ചുകൾ ക്ഷീര കർഷകനായ ഇയാളുടെ കുടുംബത്തെ ഉണ്ണാനും ഉറങ്ങാനും അനുവദിക്കുന്നില്ല. കിടക്കപ്പായ എന്നുവേണ്ട എല്ലായിടത്തും ഒച്ചുകൾ ഇഴഞ്ഞെത്തുന്നു. ഒച്ചിന്റെ ശല്യം മൂലം നാലുമാസം പ്രായമുള്ള പേരക്കിടാവിനെപ്പോലും വീടിനകത്ത് കിടത്താൻ കഴിയുന്നില്ല. പറമ്പിന്റെ മതിലുകൾ ആഫ്രിക്കൻ ഒച്ചിന്റെ പിടിയിലാണ്. രാത്രിയിൽ ഇവയുടെ മേൽതൊടാതെ ഒരു ഈർക്കിൽപോലും മതിലിൽ കുത്താനാകില്ല. ഉപ്പു വിതറി ഒച്ചുകളെ കൊല്ലുന്നത് ശീലമാക്കിയ തോമസിനെ ഇടയ്ക്കിടെ ഒച്ചുകൾ കടിച്ചിട്ടുമുണ്ട്.