ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് വാക്‌സിൻ ലഭിക്കാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. 45 വയസിന് മുകളിലുള്ളവരുടെ രണ്ടാമത്തെ ഡോസിനാണ് മരുന്ന് എത്താത്തത്. ഏപ്രിൽ പത്തുവരെ ഒന്നാം ഡോസ് എടുത്തവർക്ക് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെടുന്നത് 1600 പേർ. തിങ്കളാഴ്ച എത്തിയതാകട്ടെ 260 ഡോസ് മരുന്നും. ഓരോ വാർഡിലും എട്ടുപേർക്കാണ് തിങ്കളാഴ്ച കുത്തിവയ്പ്പിനായി ടോക്കൺ നൽകിയത്. എന്നാൽ നൂറുകണക്കിനാളുകൾ വിവരം തിരക്കി ആശുപത്രിയിലെത്തി. ആശുപത്രി അധികൃതർക്കും നഗരസഭ ഭരണ സമിതിക്കും ഇതു തലവേദനയായി മാറി. സർക്കാരിൽ നിന്നും മരുന്ന് എത്താത്തിന്റെ പ്രശ്‌നമാണ് നിലനിൽക്കുന്നതെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തുന്നുണ്ടെന്നും നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ പറഞ്ഞു.