കുന്നംകുളം: നഗരസഭാ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചതോടെ കുന്നംകുളത്ത് ഇന്ന് മുതൽ പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കും. വടക്ക് ഭാഗത്തു നിന്ന് വരുന്ന ബസുകൾ പട്ടാമ്പി റോഡിലെ ജ്വല്ലറിയുടെ മുൻവശത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് താഴേക്ക് ഇറങ്ങി തുറക്കുളം മാർക്കറ്റ് റോഡ് ട്രഷറി വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് പോകേണ്ട ബസുകൾ ബസ് സ്റ്റാൻഡിന് പിറകുവശത്തെ റോഡിലൂടെ മലയ ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് സാധാരണപോലെ പട്ടാമ്പി റോഡ് വഴി സർവീസ് നടത്തണം.
വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ടൗൺ ജംഗ്ഷനിലെത്തി ഒനീറോ ജംഗ്ഷൻ വഴി ഗുരുവായൂർ റോഡിലെത്തി ഹെർബർട്ട് റോഡ് വഴി സ്റ്റാൻഡിലെത്തണം. തിരിച്ച് സ്റ്റാൻഡിൽ നിന്നും ഹെർബർട്ട് റോഡ് വഴി ജംഗ്ഷനിലെത്തി സീനിയർ ഗ്രൗണ്ട് വഴി പതിവ് പോലെ സർവീസ് നടത്തണം.
തൃശൂർ, ഗുരുവായൂർ, ചാവക്കാട് ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ ഹെർബർട്ട് റോഡ് വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. സ്റ്റാൻഡിൽ നിന്നും ഹെർബർട്ട് റോഡ് വഴി ജംഗ്ഷനിലെത്തി സർവീസ് നടത്തണം. എല്ലാ ബസുകളും പുതിയ സ്റ്റാൻഡ് വഴിയായിരിക്കും സർവ്വീസ് നടത്തുക. ഹെർബർട്ട് റോഡ്, ട്രഷറി തുടങ്ങിയ സ്ഥലങ്ങളിൽ റോഡരികിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. വൈകീട്ട് നഗരസഭാ കോൺഫറൻസ് ഹാളിൽ എ.സി മൊയ്തീൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവസാനവട്ട ചർച്ചയിലാണ് നിലവിലുള്ള ബസ് ഗതാഗതം പുതിയ സ്റ്റാൻഡ് വഴി പുന:ക്രമീകരിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ, അസി. പൊലീസ് കമ്മിഷണർ സിനോജ്, നഗരസഭാ സെക്രട്ടറി ടി.കെ സുജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ആർ.ടി.ഒ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഗതാഗത പരിഷ്കരണ യോഗത്തിൽ എം.എൽ.എ എ.സി മൊയ്തീൻ സംസാരിക്കുന്നു.