കുന്നംകുളം : ശുചിത്വ മാലിന്യ സംസ്‌കരണ ഉപാധികൾ നൂറ് ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് സമ്പൂർണ ശുചിത്വ പദവി നേടുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടത്തുന്ന മാലിന്യ സംസ്‌കരണ പരിപാടി പുത്തൻ മാതൃക സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ബയോഡൈജസ്റ്റർ ബിൻ എല്ലായിടത്തും എത്തിച്ചും ജനങ്ങൾക്കിടയിൽ മാലിന്യ സംസ്‌കരണ അവബോധം നൽകിയുമാണ് കുന്നംകുളത്ത് മാലിന്യ സംസ്‌കരണ പ്രചാരണം ഊർജിതമായി നടത്തുന്നത്. മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് ആവശ്യമായ ബയോഡൈജസ്റ്റർ ബിൻ,ബയോഗ്യാസ് പ്ലാന്റ് മുതലായവയാണ് നഗരസഭ നടത്തിവരുന്ന ഉറവിട മാലിന്യ സംസ്‌കരണ പരിപാടികളിൽ മുഖ്യമായിട്ടുള്ളവ. ഇവ നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും സ്ഥാപിക്കുന്ന പരിപാടിയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിലാണ് ഇവയുടെ വിതരണം.
വീടുകളിൽ ഉപകരണങ്ങൾ എത്തി
നഗരസഭയിലെ പകുതിയിലേറെ വീടുകളിലേക്കും ഈ ഉപകരണങ്ങൾ എത്തിക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. നഗരസഭയിലെ 37 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയോടൊപ്പം പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ കത്തിക്കാതേയും വലിച്ചെറിയാതേയും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമസേന വഴി മാലിന്യശേഖരണവും നടന്നു വരുന്നുണ്ട്. നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ നടത്തുന്ന ശുചിത്വാരോഗ്യ ബോധവൽക്കരണ പരിപാടികൾ നഗരസഭയിൽ ഫലം കണ്ടുതുടങ്ങി. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി ഹരിതകർമ സേനയിൽ അംഗത്വമെടുക്കുന്നതിനും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ ഉപയോഗിക്കുന്നതിനും ആളുകൾ തയ്യാറാവുന്നുണ്ടെന്ന് നഗരസഭ അധികൃതർ അറിയിച്ചു നാളിതുവരെ അയ്യായിരത്തിലേറെ വീടുകളിൽ ഇത്തരം മാലിന്യ സംസ്‌കരണ ഉപാധികൾ ഉപയോഗിച്ചു തുടങ്ങി. അടുത്ത ഘട്ടത്തിൽ ഇത്തരം ഉപകരണങ്ങൾ വഴി വീടുകളിലെ മാലിന്യം വളമാക്കി മാറ്റുന്നത് തിരികെ വാങ്ങുന്ന പദ്ധതിയും നഗരസഭ ആരംഭിക്കാനിരിക്കുകയാണ്. മാലിന്യം സംസ്‌കരിക്കൂ പണം നേടൂ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച് മുഴുവൻ ആളുകളെയും ഈ പരിപാടിയിൽ പങ്കാളികളാക്കുകയാണ് നഗരസഭയുടെ മറ്റൊരു ലക്ഷ്യം. നഗരസഭാ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഹരിത കർമസേനയാണ് ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ വിതരണം ചെയ്യുന്നത്. ഇവ ആവശ്യമുള്ളവർക്ക് ഹരിത കർമസേന വഴി പേര് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
15,324 പേർ പങ്കാളികൾ
നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി ഹരിത കർമസേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സർവ്വേ പ്രകാരം നഗരസഭാപ്രദേശത്തെ 15324 വീടുകളിൽ 60 ശതമാനം വീടുകൾ അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുന്നുണ്ട്.ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം 35 ശതമാനം വീടുകളിലുണ്ട്. 3124 വാണിജ്യ സ്ഥാപനങ്ങളിൽ 30 ശതമാനം സ്ഥാപനങ്ങൾ ഹരിത കർമ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൈമാറുന്നുണ്ട്. 4 ശതമാനം സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉപയോഗിക്കുകയും നഗരസഭയുടെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തിലേക്ക് കൈമാറുന്നുണ്ട് സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിന് ഭാഗമായി നൂറ് ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റിന് 1350 രൂപയും ബയോ ഡൈജസ്റ്റർ ബിന്നിന് 180 രൂപയുമാണ് ഗുണഭോക്താക്കളിൽ നിന്ന് നഗരസഭ ഈടാക്കുന്നത്.