minister
News


മണ്ണുത്തി: കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സംസ്ഥാനത്ത് ജല, സോളാർ വൈദ്യുത പദ്ധതികൾ വിപുലപ്പെടുത്തണമെന്ന് വൈദുത മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മണ്ണുത്തി 110 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങുകയാണ്. എല്ലാവരും ശ്രമിച്ചാൽ ഈ സ്ഥിതി മാറ്റിയെടുക്കാനാകും. എട്ടു മാസത്തിനുള്ളിൽ അടങ്കൽ തുകയിലും 1.50 കോടി കുറവിൽ ഈ പദ്ധതി പൂർത്തീകരിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ഹാർദ്ദവമായി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി, പുത്തൂർ മൃഗശാല എന്നിവയ്ക്കും മണ്ണുത്തി സബ്‌സ്റ്റേഷനിൽ നിന്നും വൈദ്യുതി ലഭ്യമാക്കും. മണ്ണുത്തി സെക്ഷൻ ഓഫീസ് അടുത്തുതന്നെ സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിക്കുമെന്നും നിലവിൽ പട്ടിക്കാട് സെക്ഷന് കീഴിലുള്ള വിദൂരസ്ഥലങ്ങളായ പാത്രക്കണ്ടം, ഒളകര എന്നിവിടങ്ങളിലേക്ക് വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട് കുതിരാന് അപ്പുറത്ത് ഒരു ഓഫീസ് അനുവദിക്കണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും വൈദ്യുതി മന്ത്രി ഉറപ്പ് നൽകി. ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, ടി.എൻ പ്രതാപൻ എം.പി, കെ.എസ്.ഇ.ബി ഡയറക്ടർ അഡ്വ. മുരുകദാസ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ പങ്കെടുത്തു.

110 കെ.വി സബ് സ്റ്റേഷൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ. രാജൻ സമീപം.