തൃശൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ആത്മമിത്രവും സന്തതസഹചാരിയുമായിരുന്ന തൃശൂർ കോട്ടപ്പുറം റോഡ് അന്തിക്കാട്ട് വീട്ടിൽ എ.വി. ബാലകൃഷ്ണൻ (96) നിര്യാതനായി.
ഏപ്രിൽ 27ന് വീണതിനെ തുടർന്ന് കൈക്ക് പരിക്കേൽക്കുകയും വലതു ഭാഗം തളർന്ന് നീരു കെട്ടുകയും ചെയ്തിരുന്നു.
മൂത്രതടസവും പൊട്ടാസ്യത്തിന്റെ കുറവും മൂലം ഒൻപതു ദിവസമായി ഹൈടെക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു അന്ത്യം. അന്തിക്കാട് ബാലനെന്നാണ് അറിയപ്പെട്ടിരുന്നത്.
കരുണാകരൻ വിവാഹശേഷം കല്യാണിക്കുട്ടിഅമ്മയുമൊത്ത്
ബാലകൃഷ്ണന്റെ വീടിനടുത്ത് താമസമാക്കിയതോടെയാണ് പരിചയപ്പെടുന്നത്. സീതാറാം തുണിമിൽ ജീവനക്കാരനായിരുന്നു. അക്കാലത്ത് തൃശൂരിലെ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന കരുണാകരൻ സീതാറാം മില്ലിലെ തൊഴിലാളി യൂണിയന്റെ നേതാവായിരുന്നു. വെള്ളാനിക്കര തട്ടിൽ കൊലക്കേസ്, രാജൻ കേസ് തുടങ്ങിയവയിൽ കരുണാകരൻ പ്രതിയാക്കപ്പെട്ടതുൾപ്പെടെയുള്ള പ്രതിസന്ധികളിലും കൂടെനിന്നു. കരുണാകരൻ വഴി ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, പ്രണബ് മുഖർജി തുടങ്ങിയ കോൺഗ്രസ് നേതാക്കളുമായും ബന്ധമുണ്ടായിരുന്നു. എങ്കിലും പാർട്ടിയിൽ കാര്യമായ ഉത്തരവാദിത്തങ്ങളേറ്റെടുക്കാൻ തയ്യാറായില്ല.
ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രവീന്ദ്രൻ (റിട്ട. പഞ്ചായത്ത് വകുപ്പ് ), ശശിധരൻ (ലക്ഷ്മി മിൽസ് മുൻ ജീവനക്കാരൻ), ഗംഗാധരൻ (എലൈറ്റ് ഗ്രൂപ്പ് മുൻ ജീവനക്കാരൻ), വാസന്തി (ധനലക്ഷ്മി ബാങ്ക് റിട്ട. ജീവനക്കാരി), ഗിരിധരൻ (ബഹ്‌റൈൻ). മരുമക്കൾ: കല, വിശ്വപ്രഭ, ഗീത, ജസിത, പരേതനായ മോഹനൻ. വടൂക്കര ശ്രീനാരായണ ശ്മശാനത്തിൽ സംസ്‌കാരം നടത്തി.