photo
തടസമായി കിടക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്

കോട്ടമുറി - കൊടവത്തുകുന്ന് റോഡും അനുബന്ധ പാലം

മാള: റോഡും പാലവും തകരുമ്പോൾ പുനർനിർമ്മാണത്തിന് മുഹൂർത്തം കിട്ടാതെ പൊതുമരാമത്ത് വകുപ്പിൽ ഫയൽ സുഖനിദ്രയിൽ. മാള പഞ്ചായത്തിൽ കോട്ടമുറി - കൊടവത്തുകുന്ന് റോഡിലെ പ്രളയത്തിൽ ഒലിച്ചുപോയ റോഡും അനുബന്ധ പാലവും പുനർനിർമ്മാണം തുടങ്ങിയെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കിൽ കുരുങ്ങിക്കിടക്കുകയാണ്. നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള തടസം നീക്കാത്തതിനെതിരെ കരാറുകാരൻ മാസങ്ങൾക്ക് മുമ്പ് കോടതിയെ സമീപിച്ചിരുന്നു.

പുനർനിർമ്മാണം പൂർത്തിയാക്കുന്നതിന് നിലവിലുള്ള പാലത്തിന്റെ വശത്തിലൂടെ പോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് നീക്കം ചെയ്യണം. ഈ പൈപ്പ് നീക്കം ചെയ്യാതെ നിർമ്മാണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. പൈപ്പ് നീക്കം ചെയ്യുന്നത് ഒഴികെയുള്ള പ്രവൃത്തികൾക്കാണ് കരാർ എടുത്തിട്ടുള്ളത്. പൈപ്പ് നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾക്ക് 15 ലക്ഷത്തിന്റെ പദ്ധതിക്ക് പത്ത് ശതമാനം ഉയർന്ന നിരക്ക് അംഗീകരിച്ച് ലഭിക്കാത്തതായിരുന്നു ആദ്യ തടസം. ഈ ഫയൽ ഇപ്പോൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്.

12 ശതമാനത്തിൽ തുടങ്ങിയ ആവശ്യം 10 പോലും അംഗീകാരം ലഭിക്കാതെ വന്നപ്പോൾ മറ്റു നിർമ്മാണങ്ങളും അവതാളത്തിലായി. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കാരണം നിർമ്മാണം നീണ്ടുപോയപ്പോൾ റോഡിന്റെയും പാലത്തിന്റെയും കരാർ തുക വീണ്ടും ഉയർത്തേണ്ട അവസ്ഥയിലാണ്. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ കരാർ തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് കരാറുകാരൻ കോടതിയെ സമീപിച്ചത്. പാലത്തിനോട് ചേർന്നുള്ള റോഡിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം തോട്ടിലേക്ക് ഇടിഞ്ഞത്. പ്രളയത്തിൽ ഒലിച്ചുപോയ ഈ ഭാഗം ഭാഗികമായി പുനർനിർമ്മാണം നടത്തിയിരുന്നു.

കളക്ടറുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 25ന് യോഗം വിളിച്ചിട്ടുണ്ട്. റോഡിന്റെയും പാലത്തിന്റെയും പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ഇടപെടും.

പി.കെ ഡേവിസ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തടസമായി കിടക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്.