കുന്നംകുളം: വ്യാപാരികൾക്ക് യാതൊരു പരിഗണനയും നൽകാതെ കുന്നംകുളം നഗരത്തിൽ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറും. ഒരാഴ്ച കഴിഞ്ഞും നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.പി സാക്‌സൺ പറഞ്ഞു. കുന്നംകുളത്തെ സമഗ്ര ഗതാഗത പരിഷ്‌കരണം ഇന്നലെ മുതൽ നടപ്പിലായ സാഹചര്യത്തിൽ വ്യാപാര സംഘടനയുടെ അഭിപ്രായം അറിയിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല.
നിലവിൽ കോഴിക്കോട് ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ടി.ടി ദേവസ്സി ജ്വല്ലറിയുടെ മുന്നിൽ നിന്നും യേശുദാസ് റോഡ് വഴി തിരിഞ്ഞു പോകുകയാണ്. അങ്ങനെ പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോൾ 1.8 കിമി ദൂരമാണ് വരുന്നത്. ഈ റൂട്ടിൽ പോവുകയാണെങ്കിൽ ജനങ്ങൾക്ക് ടി ടി ദേവസ്സി ജ്വല്ലറിയുടെ മുന്നിൽ ഇറങ്ങി നടന്നു മാത്രമെ കുന്നംകുളം ടൗണിലേക്ക് വരുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ജനങ്ങൾ കച്ചവട സാധനങ്ങൾ വാങ്ങുവാൻ വരുന്നത് ഗണ്യമായി കുറയും. പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങി ടൗണിലേക്ക് ഹെർബർട്ട് റോഡ് വഴിയോ കല്യാൺ വഴിയോ വരുമ്പോൾ വലിയ ദൂരം നടക്കേണ്ടി വരും. അല്ലെങ്കിൽ ഓട്ടോറിക്ഷയോ മറ്റു വാഹനമോ ആശ്രയിക്കേണ്ടി വരും. ഓട്ടോറിക്ഷ പാർക്കിംഗിന്റെ കാര്യത്തിൽ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിൽ വ്യാപാരികൾക്ക് എതിർപ്പില്ല. അതു നടപ്പാക്കുന്നതോടൊപ്പം വ്യാപാരികൾ ആവശ്യപ്പെട്ട ഭേദഗതികളും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാൻഡ് പൂർണമായും ഓട്ടോറിക്ഷ പാർക്കാക്കുകയും വേണം. കൊവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ വ്യാപാരികളെ നഗരസഭയും അധികാരികളും നിരന്തരം വേട്ടയാടുകയാണെന്നും ഇതിനൊരു പരിഹാരമായില്ലെങ്കിൽ വരുംദിവസങ്ങളിൽ അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.പി സാക്‌സൺ, സെക്രട്ടറി കെ.എം അബൂബക്കർ, ട്രഷറർ എം.കെ പോൾസൺ തുടങ്ങിയവർ അറിയിച്ചു.