തൃശൂർ: വാരാവലോകനത്തിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും ടി.പി.ആർ നിരക്ക് 15 ശതമാനത്തിന് മുകളിലാകാൻ സാദ്ധ്യതയേറുന്നു. പലയിടത്തും ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും. കഴിഞ്ഞ ആഴ്ച 17 പഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതെങ്കിൽ ഈ ആഴ്ച നിലവിലെ സാഹചര്യത്തിൽ ഇരട്ടിയോളമാകാനുള്ള സാദ്ധ്യതയേറെയാണ്.
കൊവിഡ് വ്യാപനത്തോതിന് യാതൊരു കുറവുമില്ല. അതേസമയം പ്രതിരോധത്തിന് ആവശ്യമായ വാക്‌സിനില്ലാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ലഭിക്കുന്ന വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുന്നുമില്ല. ഒന്നാം ഡോസ് എടുത്ത് രണ്ടാം ഡോസിന് സമയമായെന്ന സന്ദേശം ലഭിക്കുന്നതിന് പിന്നാലെ ജനം മുട്ടാത്ത വാതിലുകളില്ല. കുറച്ച് വാക്‌സിനുകളാണ് വരുന്നത്. കൊവിഡ് പോരാളികൾക്ക് അടക്കം മുൻഗണന നൽകേണ്ടതുണ്ട്. ഒപ്പം മുതിർന്ന പൗരന്മാർക്കും അത്രമേൽ പരിഗണന വേണം. പ്രാദേശിക ഭരണകൂടം തങ്ങളുടെ ഇഷ്ടപ്രകാരം വാക്‌സിൻ വിതരണം നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.
ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ആദ്യ ഡോസ് എടുത്തവരിൽ രണ്ടാം ഡോസ് നൽകേണ്ടവരുടെ എണ്ണം ഒരു ലക്ഷത്തിലേറെ പേരാണ്. ജൂലായ് 31 നകം ഇത് കൊടുത്തു തീർക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിഭാഗം പറയുന്നുണ്ടെങ്കിലും അത്ര സുഗമമായല്ല കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നത്.
ആദ്യഡോസ് കിട്ടേണ്ടവരും വട്ടം കറങ്ങുന്നു
പതിനെട്ട് വയസ് തികഞ്ഞവർക്ക് ആദ്യ ഡോസ് നൽകി തുടങ്ങിയെങ്കിലും അതും അവതാളത്തിലാണ്. മിക്ക ദിവസങ്ങളിലും ഓരോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കും സ്ലോട്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സൈറ്റ് ഓപ്പണാക്കി സെക്കൻഡുകൾക്കം തന്നെ തീരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആധുനിക സംവിധാനം ഉപയോഗിച്ച് മൊത്തമായി തട്ടിയെടുക്കുന്നതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ വിഭാഗം ബന്ധപ്പെട്ടവരോട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടായിരത്തിനടുത്തേക്ക് പ്രതിദിന രോഗികൾ
ഇന്നലെ 1929 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.34 ശതമാനത്തിലെത്തി. 12,574 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ എടത്തിരുത്തി പഞ്ചായത്തിൽ 43.12 ശതമാനമാണ് ടി.പി.ആർ. ഇതിനു പുറമേ അഞ്ച് പഞ്ചായത്തുകളിൽ 30 ന് മുകളിലെത്തിയിട്ടുണ്ട്.
കൊവിഡ് കണക്ക്
ഇന്നലെ സ്ഥിരീകരിച്ചത്
1929
ടി.പി.ആർ. നിരക്ക്
15.34
ജൂലായ് മാസത്തിൽ രോഗം സ്ഥിരീകരിച്ചത്
28,226
ഈ മാസത്തെ മരണം
237.