കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എറിയാട് പഞ്ചായത്ത് പ്രദേശം അധികൃതർ അടച്ചുകെട്ടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകരും,​ പൊലീസും,​ പഞ്ചായത്ത് അധികൃതരും ചേർന്നാണ് പഞ്ചായത്ത് അതിർത്തികൾ ഇന്നലെ രാവിലെ മുതൽ അടച്ചത്. പ്രദേശം ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണത്തിലാണെങ്കിലും രോഗബാധ നിരക്ക് വർദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

അടിയന്തര സാഹചര്യത്തിൽ പുറത്തേക്കും അകത്തേക്കും സഞ്ചരിക്കുന്നതിനായി പേബസാർ പാടാകുളം റോഡ് തുറന്നുകൊടുക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പൊലീസിന്റെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 86 പൊസിറ്റീവ് കേസുകളും രണ്ട് മരണവുമാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്.