aparna-apsara
അപർണയും അപ്‌സരയും.


ചേലക്കര: പരിമിതിക്കുള്ളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഇരട്ട സഹോദരികളായ അപർണയുടേയും അപ്‌സരയുടേയും വിജയത്തിന് ഇരട്ടിമധുരം. തല ചായ്ക്കാൻ സുരക്ഷിതമായ ഒരു വീടില്ല. വൈദ്യുതിയോ ടി.വിയോ ഇല്ല. അയൽപക്കത്തെ വീടുകളിൽപോയി ചാർജ് ചെയ്തുകൊണ്ടുവരുന്ന ഒരു ഫോൺ ഉപയോഗിച്ചുള്ള ഓൺലൈൻ പഠനം. കയ്‌പേറിയ കഷ്ടപ്പാടുകൾ ഇച്ഛാശക്തിക്ക് കീഴ്‌പ്പെട്ടപ്പോൾ മധുരിക്കുന്ന വിജയമാണ് ഇരട്ടകൾ ഈ കുടിലേക്ക് കൊണ്ടുവന്നത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ തിരുവില്വാമല പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പൂക്കോട്ടുതൊടി ജയപ്രകാശിന്റേയും സത്യഭാമയും മക്കളാണ് അപർണയും അപ്‌സരയും. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. തൊഴിലിൽ നിന്നുള്ള വരുമാനം ചെലവിന് തികയാതായപ്പോഴാണ് സ്വന്തമായുള്ള സ്ഥലത്ത് ഒരു ഷെഡ്‌വെച്ച് ടാർപ്പായകൊണ്ട് മറച്ച് അതിലേക്ക് താമസം തുടങ്ങിയത്. വെളിച്ചം പോലുമില്ലാത്ത ഷെഡിലെ അടിസ്ഥാന സൗകര്യ കുറവുകളോട് പൊരുത്തപ്പെട്ട് വാശിയോടെയുള്ള പഠനമാണ് ഇവരെ വിജയതിലകമണിയിച്ചത്. ഭാവിയിൽ ആതുര സേവനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരേ സ്വരത്തിലാണ് അപർണയും അപ്‌സരയും പറയുന്നത്. പഠനത്തോടൊപ്പം എൻ.സി.സി വളണ്ടിയർമാരായും ഈ സഹോദരികൾ പ്രവർത്തിക്കുന്നുണ്ട്. മികച്ച വിജയം നേടിയ ഇരട്ടസഹോദരിമാർക്ക് തുടർപഠനത്തിനായി ഒരു സ്മാർട്ട് ഫോൺ ഇവരുടെ അദ്ധ്യാപിക നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.