ചേർപ്പ്: കുട്ടികളിൽ രാമായണത്തിന്റെ പ്രസക്തിയും ഇതിവൃത്തങ്ങളും ഗ്രഹസ്ഥമാക്കി കൊടുക്കുകയാണ് ചേർപ്പ് സി.എൻ.എൻ ഹൈസ്‌കൂളിലെ റിട്ടയേർഡ് മലയാളം അദ്ധ്യാപികയായ സുമതി നാരായണൻകുട്ടി. സ്‌കൂൾ അലുമിനിയിലെ പാഞ്ചജന്യം സംഘമാണ് രാമായണ പാരായണങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കുന്നത്. എഴുത്തച്ഛൻ രാമായണത്തിലെ വിവിധ ഭാഗങ്ങളും, അക്ഷരശ്ലോകവുമാണ് ടീച്ചർ അഭ്യസിപ്പിക്കുന്നത്. ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന ക്ലാസിൽ അമ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. അദ്ധ്യാത്മിക രാമായണത്തിലെ സുന്ദരകാണ്ഡം ക്ലാസുകളിൽ രക്ഷിതാക്കളും പങ്കെടുക്കുന്നുണ്ട്. സി.എൻ.എൻ സ്‌കൂളിലെ റിട്ട അദ്ധ്യാപകനായിരുന്ന സി.ജി നാരായണൻകുട്ടിയുടെ പത്‌നിയും സംസ്‌കൃത പണ്ഠിതനായിരുന്ന കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന്റെ ശിഷ്യയുമാണ് സുമതി ടീച്ചർ. അലുമിനി അംഗങ്ങളായ പത്മി ഹരിദാസ്, ജ്യോതി ബാലകൃഷ്ണൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.