chimmini-dam
ചിമ്മിനി ഡാം

വരന്തരപ്പിള്ളി: ചിമ്മിനി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടുമെന്ന് അധികൃതര്‍ ആദ്യ മുന്നറിയിപ്പ് നല്‍കി. മഴ ശക്തി കുറഞ്ഞെങ്കിലും ഇന്നലെ ജലനിരപ്പ് 68.29 മീറ്റര്‍ എത്തിയതോടെ ഡാം അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നിലവില്‍ 94.27 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഡാമില്‍ സംഭരിച്ചിരിക്കുന്നത്. ഇത് ഡാമിന്റെ സംഭരണ ശേഷിയുടെ 62 ശതമാനം ആണ്.
76.4 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 72.2ല്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴമൂലം ഡാമില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഏത് സമയത്തും സ്ലൂയിസ് വാല്‍വ് തുറക്കാന്‍ അനുവദിക്കണമെന്നും കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നലെ മഴ മാറി നിന്നത് ആശ്വാസത്തിനിട നല്‍കി. അടുത്ത ദിവസങ്ങളിലും മഴ ശക്തി കുറയുമെന്നാണ് കലാവസ്ഥ അറിയിപ്പ്.