തൃശൂർ :കുതിരാൻ ടണലിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് ഒന്നിന് മുമ്പ് തന്നെ തുറക്കാൻ കഴിയുന്ന തരത്തിൽ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ ഇല്ലാത്തതും പ്രവർത്തനത്തിന് വേഗത കൂട്ടുന്നുണ്ട്. കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.ഈ മാസം 25 നുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, കൂടാതെ ജില്ലയിലെ മറ്റ് മന്ത്രിമാർ, മുൻ ജില്ലാ കളക്ടർ എസ്. ഷാനവാസ്, കളക്ടർ ഹരിത വി. കുമാർ എന്നിവരുടെ നിരന്തരമായ ഇടപെടലാണ് തുണയായത്. ആഗസ്റ്റ് ഒന്നിന് ടണൽ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആദ്യ തവണ കുതിരാൻ സന്ദർശിച്ചപ്പോൾ പ്രഖ്യാപിച്ചിരുന്നു. പിന്നീട് രണ്ട് തവണ കൂടി അദ്ദേഹം സ്ഥലം സന്ദർശിച്ചു. മുൻ കളക്ടർ എസ്. ഷാനവാസ് നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡറയ്കറായി എസ്.നിയോഗിച്ചെങ്കിലും ടണൽ നിർമ്മാണത്തിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ഓരോ ദിവസവും നിർമാണ പ്രവർത്തനം ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടിവ് എൻജിനീയറും വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് നിലവിലെ കളക്ടർ ഹരിത വി. കുമാറും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തുരങ്ക പാതയിൽ ഫയർ ആൻഡ് സേ്ര്രഫി വിഭാഗം ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ ട്രയൽ റൺ വിജയകരമായിരുന്നു. തുരങ്കപാതയിലെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ച് നോക്കിയത് തൃപ്തികരമാണെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഡീസൽ പമ്പും രണ്ട് ഇലക്ട്രിക്കൽ പമ്പുകളും ഇവിടെയുണ്ട്. ഇതുപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. രണ്ട് ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്‌നിരക്ഷാ സേന വരുന്നതിന് മുമ്പ് തന്നെ സുരക്ഷാ പ്രവർത്തനം നടത്താം. തുരങ്ക പാതയുടെ പല സ്ഥലങ്ങളിലും ഹോസ് റീലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇന്നോ നാളെയോ അവസാന വട്ട സുരക്ഷ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.പാലക്കാട് ഭാഗത്ത് തുരങ്കത്തിന്റെ മുകൾ വശത്ത് മണ്ണിടിച്ചിൽ തടയാനായി നെറ്റ് സ്ഥാപിച്ച് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. തൃശൂർ ഭാഗത്തെ മണ്ണ് നീക്കം ചെയ്യൽ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ടണലിനുള്ളിലേക്കുള്ള വൈദ്യുതി കണക്ഷനാവശ്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞു. അടുത്ത ദിവസം തന്നെ കണക്ഷൻ നൽകും.