kargil-stoppil-devan
കാർഗിൽ ബസ് സ്റ്റോപ്പ്, കാർഗിൽ ബസ് സ്റ്റോപ്പിൽ എ. വി. ദേവൻ

തൃശൂർ:കാർഗിൽ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം ഇന്ന് പാലക്കാട് കൊടുവായൂരിനടുത്തുള്ള കാർഗിൽ ബസ് സ്റ്റോപ്പിലും അനുസ്മരിക്കും. ഈ പേരിലുള്ള ഒരേയൊരു ബസ് സ്‌റ്റോപ്പാണിത്.

കൊടുവായൂർ നെളിഞ്ഞംകോട്ട് ബസ്‌ സ്‌റ്റോപ്പ് നേടിയെടുക്കാൻ നാട്ടുകാർക്ക് പത്ത് വർഷത്തോളം 'യുദ്ധം' ചെയ്യേണ്ടി വന്നിട്ടുണ്ട്. കാർഗിൽ വിജയത്തിന് പിന്നാലെയാണ് യുദ്ധം ജയിച്ചത്. വീരജവാന്മാരുടെ സ്‌മരണയ്‌ക്ക് കാർഗിൽ എന്ന പേര് നാട്ടുകാർ കൈയടിച്ച് പാസാക്കി.

മൂന്ന് ദശകങ്ങൾക്ക് മുമ്പായിരുന്നു യുദ്ധം. മുന്നൂറിലധികം വീടുകളുള്ള ഇവിടത്തുകാർക്ക് റോഡിലെത്തിയ ശേഷം ബസ് കയറാൻ വീണ്ടും ഒരു കിലോമീറ്റർ അകലെയുള്ള പിട്ടുപ്പീടികയിലേക്കോ ആലഞ്ചേരിക്കുളത്തേക്കോ നടക്കണമായിരുന്നു. ബസും കുറവായിരുന്നു.വനപ്രദേശത്തുള്ള റോഡിൽ രാത്രി നടത്ത ഭീതിജനകമായതോടെ ബസ്‌ സ്‌റ്റോപ്പിനായി മുറവിളി ഉയർന്നു.

സ്‌റ്റോപ്പില്ലാത്തിടത്ത് നിറുത്തില്ലെന്നായി ബസ് അധികൃതർ. പരാതികളും ബസ് തടയലും ചർച്ചകളും തുടർന്നു.

കാർഗിലിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ ബസ് സ്‌റ്റോപ്പ് യാഥാർത്ഥ്യമായി. ഈ സ്‌റ്റോപ്പിൽ നാട്ടുകാർ കാർഗിൽ വിജയദിനം കൊണ്ടാടി. കാർഗിൽ സ്റ്റോപ്പ് എന്ന പേരും

കിട്ടി. പിന്നീട് നിലച്ച ആഘോഷം ഇത്തവണ നടത്തുന്നതിന് പിന്നിൽ കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യവുമുണ്ട്. ഇന്ന് രാവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുട്ടുമണി ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ കുമാരി വിജയൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക പ്രവർത്തകരും നാട്ടുകാരും പങ്കെടുക്കും.

ഇന്ത്യൻ വിജയസ്മരണയ്ക്കായി കാർഗിൽ എന്ന പേര് ഞാനാണ് നിർദ്ദേശിച്ചത്. വനം വകുപ്പിന്റെ സ്ഥലമായതിനാൽ കാത്തിരിപ്പ് കേന്ദ്രത്തിനുള്ള അനുമതിക്കായി നിവേദനം നൽകും

എ. വി. ദേവൻ

കവി, നാട്ടുകാരൻ