തൃശൂർ: ജില്ലയിൽ ചിലയിടങ്ങളിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ നാശനഷ്ടം. കോലഴി മൈത്രിനഗറിൽ ഇരുമ്പ് ഷീറ്റുകൊണ്ടുളള മേൽക്കൂര പറന്ന് വീട്ടുമുറ്റത്ത് വീണു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പത്തുവർഷം മുൻപ് പണിത മേൽക്കൂര വൻ ശബ്ദത്തോടെയാണ് താഴേയ്ക്ക് പതിച്ചത്. 1500 സ്‌ക്വയർഫീറ്റിലുളള വീടിന്റെ മേൽക്കൂരയും കോൺക്രീറ്റിൽ ഉറപ്പിച്ച തൂണുകളുമാണ് നിലംപൊത്തിയത്. അപകടസമയത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. പുലർച്ചെയായതിനാൽ വീട്ടുമുറ്റത്ത് ആരും ഉണ്ടാവാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വൻശബ്ദം കേട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ഓടിയെത്തിയപ്പോഴാണ് ചുഴലിക്കാറ്റിൽ ഷീറ്റ് വീണത് കണ്ടത്. നിരവധി വാഴകളും മറിഞ്ഞുവീണു.