ചാലക്കുടി: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ആവശ്യത്തിന് ആരോഗ്യപ്രവർത്തകർ ഇല്ലാത്തത് എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വിനയാകുന്നു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പങ്ക് നിർവ്വഹിക്കപ്പെടുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ മൂന്ന് ഒഴിവുകളാണ് എലിഞ്ഞപ്ര ആശുപത്രിയിലുള്ളത്. വാക്‌സിനേഷൻ, കൊവിഡ് പരിശോധനകൾ എന്നിവ വ്യാപകമായി നടക്കുമ്പോഴാണ് ഇനിയും ഒഴിവുകൾ നികത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാകാത്തത്. കൊവിഡ് വാക്‌സിനേഷൻ നടക്കുന്ന ദിവസങ്ങളിൽ ഇവിടെ ഇരുനൂറോളം ആളുകൾ എത്താറുണ്ട്. ചിലപ്പോൾ മുന്നൂറിൽ അധികവുമാകും. ഇതിന്റെ തുടർനടപടികൾ അടക്കം എല്ലാ ജോലികളും ജെ.എച്ച്.ഐയുടെ ചുമതലയാണ്. സ്‌പോട്ട് രജിസ്റ്ററേഷൻ ക്യാമ്പുകളുടേയും മുഖ്യചുമതല ഇവർക്കുതന്നെ. കൊവിഡ് പരിശോധന നടത്തുന്നതിന്റെ ഉത്തരവാദിത്വവും മറ്റാർക്കുമല്ല. ഇതിനുപുറമെ ജീവിത ശൈലി രോഗികൾക്ക് പരിശോധന നടക്കുന്ന ആഴ്ചയിൽ രണ്ട് ദിവസവും ആശുപത്രിയിൽ കനത്ത തിരക്കാണ്. ഇതിന്റെ തുടർ നടപടികളും നിറവേറ്റുന്നത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ്. സാമൂഹിക ആരോഗ്യ കേന്ദ്രമായതിനാൽ ഒട്ടനവധി രോഗികളും എലിഞ്ഞിപ്ര ആശുപത്രിയെ ആശ്രയിക്കുന്നു. ഈ ചുമതലകളെല്ലാം നിർവ്വഹിക്കുന്നതാകട്ടെ ഒരു ജെ.എച്ച്.ഐയും. കോടശേരി പഞ്ചായത്തിൽ നാലു സബ്ബ് സെന്ററുകളുടെ ചുമതലയുള്ളതിനാൽ ഹെൽത്ത് ഇൻസ്‌പെക്ടർക്കും പിടിപ്പത് ജോലിയുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ മറ്റ് കുടുംബാരോഗ്യ കേന്ദ്ര മേൽനോട്ടവും കൂടിയാകുമ്പോൾ എച്ച്.ഐയും കഠിന പ്രയത്‌നത്തിലാണ്. ജെ.എച്ച്.ഐമാരുടെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തും കോടശേരി ഗ്രാമപഞ്ചായത്തും നിരവധിതവണ നിവേദനം നൽകിയെങ്കിലും ഇതുവരേയും ജില്ലാ ആരോഗ്യ മേധാവികൾ മുഖവിലക്കെടുക്കുത്തിട്ടില്ല.