പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്താനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കഴിഞ്ഞ ദിവസം വാർഡിലെ ജനമൈത്രി റോഡ് സെന്റ് ജോസഫ് റോഡ്, അമ്പലനട റോഡ് എന്നീ പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റോഡുകളിലെ കാനകൾ വൃത്തിയാക്കുകയും തോട്ടിൽ ഉപേക്ഷിച്ച വൈദ്യുതി കാലുകൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എന്നിവ എടുത്തുമാറ്റുകയും ചെയ്താണ് വെള്ളക്കെട്ടുകൾ ഒഴിവാക്കിയത്. പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ടി.കെ സുബ്രഹ്മണ്യൻ, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ സെക്രട്ടറി എൻ.ജെ ലിയോ, എം.ഡി സിജോ, പി.ഡി ജിമ്മി, സി.ജെ പ്രിൻസ് എന്നിവർ നേതൃത്വം നൽകി.
പാവറട്ടി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ജനമൈത്രി റോഡിലെ കാനകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.