kazhibram-vpm-sndp-school
വിസ്മയമായി കഴിമ്പ്രം സ്കൂൾ മുറ്റത്തുനിന്ന് വെർച്വൽ ചന്ദ്രയാത്ര

തൃപ്രയാർ: കാർമേഘം നിറഞ്ഞ ആകാശത്തേക്ക് ഒരു ബഹിരാകാശ വാഹനം ഉയർന്നുപൊങ്ങി. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്ത് നിന്നുള്ള കാഴ്ചയാണിത്. വാഹനത്തിലുള്ളവർ യാത്ര അവസാനിപ്പിച്ചത് ചന്ദ്രോപരിതലത്തിലാണ്.

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഈ വിസ്മയക്കാഴ്ചയൊരുക്കിയത് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ എ.എച്ച് ആദിത്യനാണ്. കൈൻ മാസ്റ്റർ എന്ന വീഡിയോ എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ചാണ് സ്‌കൂളിൽ നിന്നും ചന്ദ്രനിലേക്കുള്ള വെർച്വൽ റിയാലിറ്റി യാത്ര രൂപപ്പെടുത്തിയത്.

'വരിക വാർതിങ്കളെ' എന്നു പേരിട്ട ഓൺലൈൻ ചന്ദ്രോത്സവം വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാൽ വേറിട്ടതായി. ചന്ദ്രയാൻ, ചന്ദ്രഗ്രഹണമടങ്ങുന്ന പ്രകൃതി പ്രതിഭാസങ്ങൾ, ഇന്ത്യൻ ബഹിരകാശ സഞ്ചാരം, ബഹിരാകാശ ഗവേഷണത്തിന്റെ ആവശ്യകത തുടങ്ങി നിരവധി പ്രമേയങ്ങൾ അവതരിപ്പിച്ചു.

ചാന്ദ്രദിനാഘോഷം എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രസംബന്ധിയായ ഗാനാലാപനവും, നാടകാവതരണവും നടന്നു. മധു ശക്തിധരപണിക്കർ, സുറുമി, വിസ്മയ, മുഹമ്മദ് റാഫി, കാവ്യ എന്നിവർ ചന്ദ്രഗീതങ്ങൾ ആലപിച്ചു. ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, രമേശ്ബാബു, പി.വി സുദീപ്കുമാർ, ഒ.വി സാജു, നടാഷ, മുജീബ് എന്നിവർ സംസാരിച്ചു