karuvannur

തൃശൂർ/ഇരിങ്ങാലക്കുട: കോടികളുടെ വായ്പാത്തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കരുവന്നൂർ തളിയക്കാട്ടിൽ ടി.എം മുകുന്ദനാണ് (59) മരിച്ചത്. പൊറത്തിശേരി പഞ്ചായത്തിലെ മുൻ കോൺഗ്രസ് വാർഡ് അംഗമായിരുന്നു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുളള മുകുന്ദൻ കോൺഗ്രസിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് നടത്തും.

ജപ്തി ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, ബാങ്ക് അധികൃതർ ഇതു നിഷേധിച്ചു.

ആദ്യം പത്ത് ലക്ഷവും പിന്നീട് 15 ലക്ഷവുമാണ് വായ്പയെടുത്തിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. 80 ലക്ഷവും പലിശയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്കിൽ നിന്ന് പലതവണ വിളിച്ചതെന്ന് വീട്ടുകാർ പറയുന്നു. മറ്റൊരു സ്ഥലം വിറ്റ് കടം വീട്ടാനിരുന്നതാണ്. അതിനിടെയാണ് ജപ്തിയെക്കുറിച്ച് ആലോചിച്ച് അദ്ദേഹത്തിന് മാനസിക സമ്മർദ്ദം കൂടിയതെന്നും ബന്ധുക്കൾ പറഞ്ഞു.

കരുവന്നൂരിലെ 16.5 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. ബാങ്ക് അധികൃതരിൽ നിന്ന് നിരന്തരം സമ്മർദ്ദം ഉണ്ടായിരുന്നതായും അതിനുശേഷം മുകുന്ദൻ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.ഇന്നലെ പുലർച്ചെ കിടപ്പുമുറിയിലാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ല. ഭാര്യ: പ്രഭാവതി. മക്കൾ: ധീരജ്, ദീപ്തി. മരുമകൻ: അഭിലാഷ്.

വാസ്തവവിരുദ്ധം: ബാങ്ക്

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായി ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തതെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. വീടും പറമ്പും ബാങ്കിന് ഈട് നൽകി 2018 മാർച്ച് മൂന്നിന് 50 ലക്ഷം രൂപയും 2019 മാർച്ച് 19ന് അദ്ദേഹം ജാമ്യക്കാരനായി കക്ഷി ചേർന്ന് 30 ലക്ഷം രൂപയുടെ മറ്റൊരു വായ്പയും ബാങ്കിൽ നിലവിൽ കുടിശ്ശികയാണ്. 2021 ഫെബ്രുവരിയിൽ വായ്പാകുടിശ്ശിക അടച്ചുതീർക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് അദ്ദേഹം ബാങ്കിൽ നേരിട്ട് വന്ന് കുടിശ്ശിക അടച്ചുതീർക്കാമെന്ന് സമ്മതിക്കുകയും അല്പം സാവകാശം ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷം അദ്ദേഹത്തിനോ, മറ്റുകക്ഷികൾക്കോ ബാങ്ക് യാതൊരുവിധത്തിലുള്ള നോട്ടീസ് അയയ്ക്കുകയോ ബാങ്ക് ജീവനക്കാർ മുകുന്ദന്റെ വീട്ടിൽ ജപ്തിക്കായി പോകുകയോ ചെയ്തിട്ടില്ലെന്നും സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.

കൊലക്കുറ്റം ചുമത്തണം: ബി.ജെ.പി

മുകുന്ദൻ ആത്മഹത്യ ചെയ്യാനുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. മുൻമന്ത്രിയുടെ ബന്ധുവാണ് ബാങ്കിന്റെ മാനേജരായിരുന്നത്. മുൻ മന്ത്രിയുടെ പങ്ക് അന്വേഷിക്കണം. വൻകിടക്കാരെ സംരക്ഷിക്കുകയും സാധാരണക്കാർക്ക് ജപ്തി നോട്ടീസ് അയച്ച് അവരെ മരണത്തിലേക്ക് തള്ളിവിടുന്ന പതിവ് രീതിയാണ് സി.പി.എം കരുവന്നൂരിലും ആവർത്തിക്കുന്നതെന്നും നാഗേഷ് ആരോപിച്ചു