thandu-thurappan

തൃശൂർ: കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുള്ള പ്രതിസന്ധിക്കിടെ, നെൽക്കൃഷിയെ നശിപ്പിക്കുന്ന 'തുരപ്പന്മാർ'ക്കെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി കൃഷി വിദഗ്ദ്ധർ. നെൽക്കൃഷിയെ ആക്രമിക്കുന്ന രണ്ട് പ്രധാന കീടങ്ങളാണ് തണ്ടുതുരപ്പനും ഓലചുരുട്ടിയും. തവിട്ട് തലയുള്ള ഇളം മഞ്ഞ തണ്ടുതുരപ്പൻ തണ്ട് തുരന്നു തിന്നുന്നത് മൂലം നെല്ലിന്റെ നാമ്പോല വാടുന്നു. വാടിയ നടുനാമ്പ് എളുപ്പത്തിൽ ഊരിപ്പോരും. കതിരു വരുന്ന ഘട്ടത്തിലാണെങ്കിൽ കതിരെല്ലാം പതിരാകും. പച്ചനിറത്തിലുള്ള ഓലചുരുട്ടിപ്പുഴുക്കൾ നെല്ലോലയെ നെടുകെയോ കുറുകെയോ ചുരുട്ടി അതിനകത്തിരുന്ന് ഹരിതകം കാർന്നുതിന്നുന്നത് മൂലം ഓലകൾ വെള്ളനിറമാകും. കീടാക്രമണം രൂക്ഷമായാൽ പാടം വിളർത്തത് പോലെയാകും.

മുട്ടക്കാർഡുകളുടെ ഉപയോഗക്രമം

ഇവയ്‌ക്കെതിരെ ഉപയോഗിക്കാവുന്ന ജൈവ നിയന്ത്രണോപാധിയാണ് മുട്ടക്കാർഡുകൾ. തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രാമ ജപോണിക്കം കാർഡും ഓല ചുരുട്ടിക്കെതിരെ ട്രൈക്കോഗ്രാമ ചിലോണിസ് കാർഡുമാണ് ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടറിന് രണ്ടിന്റെയും അഞ്ച് ക്യുബിക് സെന്റിമീറ്റർ (സി.സി ) കാർഡുകൾ വീതമാണ് വയ്‌ക്കേണ്ടത്. ഓരോ കാർഡും പത്ത് ചെറു കഷണങ്ങളാക്കി നെല്ലോലകളിൽ സ്റ്റേപ്പിൾ ചെയ്തു കൊടുക്കാം. പറിച്ചുനട്ട പാടങ്ങളിൽ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷവും വിതച്ച പാടങ്ങളിൽ 25 ദിവസങ്ങൾക്ക് ശേഷവുമാണ് ഇവ വയ്‌ക്കേണ്ടത്. ഓരോ ആഴ്ച ഇടവിട്ട് മൂന്ന് നാലു പ്രാവശ്യം മുട്ട കാർഡുകൾ സ്ഥാപിക്കണം. പാടശേഖരങ്ങളിൽ ഒന്നിച്ചു വെച്ചാലാണ് ഇതിന്റെ ഗുണം ലഭിക്കുക. പാടശേഖര സമിതികൾക്ക് ഇത് നന്നായി ചെയ്യാനാകും. കീടാക്രമണത്തിനു ശേഷം വച്ചാൽ ഗുണമുണ്ടാവില്ല. മഴയുണ്ടെങ്കിൽ കാർഡ് നനയാതിരിക്കാൻ പേപ്പർ കപ്പുകൾക്കുള്ളിലാക്കി കമഴ്ത്തി വെയ്ക്കാം. രാസ കീടനാശിനികൾ ഉപയോഗിക്കരുത്.

രണ്ടാം വിളയ്ക്ക് ആവശ്യമായ മുട്ട കാർഡുകൾ വെള്ളാനിക്കര കാർഷിക കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ബയോകൺട്രോൾ ലാബിൽ നിന്ന് ലഭിക്കും. ഫോൺ 0487 2438470, 2438471. ഒരു കാർഡിന് 70 രൂപയാണ്.

എം. കെ ജാലിയ
അസി. പ്രൊഫസർ, കാർഷിക സർവകലാശാല

വയ്ക്കാൻ ഉദ്ദേശിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് നൽകാറ്. പരിശീലനം ലഭിച്ചവർക്ക് കാർഡുണ്ടാക്കി ഉപയോഗിക്കാം


ഡോ. മധു സുബ്രഹ്മണ്യം
പ്രൊഫസർ, കാർഷിക സർവകലാശാല.