മാള: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ട പൊലീസിന് എട്ടിന്റെ പണി. ഓരോ പഞ്ചായത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് നിരീക്ഷണം നടത്തേണ്ടത്. ഇതിനായി സ്വന്തം വാഹനത്തിൽ ഇന്ധനമടിച്ച് ദിവസവും ശരാശരി നൂറ് കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. ദിവസേന 250 രൂപയോളം ഈ വകയിൽ ചെലവാകുന്നുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിലെത്തി കാണുകയും എല്ലാവരും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരിക്കുന്നവർ വീട് വിട്ട് പുറത്തുപോയാൽ അവർക്കെതിരെ കേസെടുക്കണം. ഒരു ദിവസം നൂറ് പേരെയെങ്കിലും പരിശോധിക്കണമെന്നാണ് നിർദ്ദേശം. ഇത്തരം സേവനങ്ങൾ ചെയ്യുന്നതിന് ആവശ്യമായ വാഹനം ഇല്ലെന്നതും ഇന്ധനം സ്വന്തം ചെലവിൽ വേണമെന്നതും പൊലീസുകാർക്കിടയിൽ അഭിപ്രായ ഭിന്നത സൃഷ്ടിക്കുന്നതായി സൂചനയുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്നവരെ പരിശോധിക്കായി എത്തുമ്പോൾ പലപ്പോഴും ദയനീയ കാഴ്ചകളാണ് കാണുന്നത്. രോഗികൾ ഏറെ നാളുകൾക്ക് ശേഷം പണിക്ക് പോകുന്ന ദിവസമാകും കഷ്ടകാലത്തിന് പരിശോധനക്ക് എത്തുന്നത്. ഗതികേട് കൊണ്ട് മാത്രം അവർക്കെതിരെ കേസ് എടുക്കേണ്ടി വരുന്നതിന്റെ ശാപവും ഞങ്ങൾക്കുണ്ട്.
പൊലീസുകാരൻ