തൃശൂർ: നഗരത്തിൽ പൊലീസ് ചെറുകിട വ്യാപാരികളെ വേട്ടയാടുന്നതായി ആക്ഷേപം. ഓൺ ലൈൺ പഠനത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് കടകൾക്ക് ആഴ്ച്ചയിൽ അഞ്ച് ദിവസം തുറക്കാമെന്നിരിക്കെ ഇന്നലെ നഗരത്തിലെ നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. കുറുപ്പം റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പുകളും സർവ്വീസ് സെന്ററുകളുമാണ് ഇന്നലെ രാവിലെ അനുമതിയില്ലാതെ തുറന്നുവെന്ന് പറഞ്ഞ് അടപ്പിച്ചത്. പിങ്ക് പൊലീസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് കടകൾ അടപ്പിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം വലിയ സ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് നീതികരിക്കാനാവില്ലെന്നും വ്യാപാരികൾ പറഞ്ഞു. കളകട്രേറ്റിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെ നിയന്ത്രണം ഏർപ്പെടുത്തിയ വിവരം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ വ്യാപാരികളെ സെക്ടറൽ മജിസ്‌ട്രേറ്റുമാരും പൊലീസും ബുദ്ധിമുട്ടിക്കുന്നതായി ആക്ഷപമുണ്ട്. ഒന്നരവർഷത്തിലേറെയായി കടുത്ത പ്രതിസന്ധി നേരിടുന്ന ഇത്തരക്കാർ ഇളവിന്റെ അടിസ്ഥാനത്തിൽ കടകൾ തുറക്കുമ്പോൾ ചെറിയ പിഴവുകൾക്ക് പോലും രണ്ടായിരം മുതൽ അയ്യായിരം വരെ പിഴയടപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ട്. അതേസമയം പൊലീസ് നിരവധി ആളുകൾ തടിച്ചുകൂടുന്ന മാർക്കറ്റുകളിലും മറ്റും പരിശോധന നടത്താൻ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണ് നടപ്പാക്കുന്നതെന്നും ആക്ഷേപമുണ്ട്. തീരദേശത്തെ ഭൂരിഭാഗം പഞ്ചായത്തുകളും ട്രിപ്പിൾ ലോക്ഡൗണിലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചില പഞ്ചായത്തുകളിൽ മത്സ്യ മാർക്കറ്റുകൾ തുറക്കാൻ അനുവദിക്കുകയും ചിലയിടങ്ങളിൽ അടച്ചിടാൻ നിർദ്ദേശിക്കുകയുമായിരുന്നു. തുറന്ന സ്ഥലങ്ങളിൽ വലിയ ആൾക്കൂട്ടം അനുഭവപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചെറുകിട വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.