ചാലക്കുടി: ആസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ ചാലക്കുടി പോട്ട സ്വദേശികളായ അമ്മയും മകളും മരിച്ചു. പോട്ട പെരിയച്ചിറ ചുള്ളിയാടൻ ബിബിന്റെ ഭാര്യ ലോട്‌സി (35), ആറ് വയസുള്ള മകൾ കേറ്റ്‌ലിൻ റോസ് ബിബിൻ (6) എന്നിവരാണ് മരിച്ചത്. ബിബിൻ (40), മറ്റു മക്കളായ ക്രിസ് ബിബിൻ (9), കെയ്‌ഡെൻ ബിബിൻ (2) എന്നിവർ പരിക്കേറ്റ് ആശുപത്രിയിലാണ്.
ബിബിനും കുടുംബവും വെയിൽസിൽ നിന്ന് ക്യൂൻ സ്റ്റാൻഡിലേക്ക് പോകുമ്പോൾ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ക്യൂൻ സ്റ്റാൻഡ് ആശുപത്രിയിൽ നഴ്‌സായി ജോലി കിട്ടിയ ലോട്‌സി, പ്രവേശനത്തിന് പോവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ, എതിരെ വന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്. വെയിൽസിൽ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്‌സി കഴിഞ്ഞ വർഷമാണ് ആസ്‌ട്രേലിയയിലേക്ക് പോയത്. എലിഞ്ഞപ്ര ഒാട്ടോക്കാരൻ ജോസ്-അൽഫോൺസ ദമ്പതികളുടെ മകളാണ്.