ചാലക്കുടി: പരിയാരം, കോടശേരി,കൊരട്ടി പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. ചാലക്കുടി നഗരസഭയും മേലൂർ, കാടുകുറ്റി പഞ്ചായത്തുകളും ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സി. കാറ്റഗറിയിലാണ്. ഇതോടെ ചാലക്കുടി നിയോജക മണ്ഡലം ഏകദേശം സമ്പൂർണ്ണ ലോക്ക് ഡൗണിന് തുല്യമാണ്. ഡി കാറ്റഗറിയിലെ പഞ്ചായത്തുകളിൽ അവശ്യ സർവ്വീസുകൾ മാത്രമാണ് അനുവദിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾ അടക്കമുള്ളവ അടഞ്ഞു കിടക്കുകയാണ്. കൊരട്ടിയിലെ കോനൂർ റോഡ്, ചർച്ച് റോഡ് എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ വച്ച്്് പൊലീസ് വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ അത്യാവശ്യ യാത്രകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്. പരിയാരം പഞ്ചായത്തിന്റെ പ്രവേശന കവാടമായ കൂടപ്പുഴയിലും കോടശേരിയുടെ അതിർത്തിയായ സിത്താര നഗറിലും ബാരിക്കേഡുകളുണ്ട്. എന്നാൽ ഇതിലെ എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേയ്ക്കുള്ള ജനങ്ങളുടെ യാത്ര കൂടുതലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചാലക്കുടി നഗരസഭയിൽ പൊസിറ്റീവ് കേസുകൾ കുറയുന്നത് ആശ്വാസമായി. എന്നാൽ പരിയാരത്തും കോടശേരിയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.