fish
പോട്ടയിൽ ചത്ത മത്സ്യങ്ങൾ

ചാലക്കുടി: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയിൽ മത്സ്യം വളർത്തൽ കേന്ദ്രത്തിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം. പോട്ട അലവി സെന്ററിലെ മൂത്തേടൻ ആന്റോയും സംഘവും തുടക്കമിട്ട ഫിഷ് ബയോക്ലോക്കിലാണ് എട്ടു ലക്ഷം രൂപയുടെ മത്സ്യങ്ങൾ ഓക്‌സിജൻ കിട്ടാതെ ചത്തത്. എട്ടുമാസം പ്രായമെത്തിയ ഗിഫ്റ്റ് തിലാപ്പിയകൾക്കായിരുന്നു അന്ത്യം. ഇവിടേക്ക് വരുന്ന വൈദ്യുതി ലൈനിൽ സമീപത്തെ മരച്ചില്ലകൾ തൊട്ടുരുമ്മി ഫ്യൂസുകൾ കത്തിപ്പോവുകയും ഓക്‌സിജൻ മീറ്റർ നിശ്ചലമാകുകയും ചെയ്തു. പുലർച്ചെയുണ്ടായ സംഭവമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനത്തിനും സാധിച്ചില്ല. മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന് വൈദ്യുതി ഓഫീസിൽ പലതവണ ആവശ്യപ്പെട്ടെങ്കിലും അപകടം നടക്കുംവരെ അതുണ്ടായില്ലെന്ന് ആന്റോ പറഞ്ഞു. ചത്ത മീനുകളിൽ ഭൂരിഭാഗവും കുഴിച്ചുമൂടേണ്ടി വന്നു. ആന്റോയും മൂന്നു കൂട്ടുകാരും ഒരു വർഷം മുമ്പ് തുടക്കമിട്ടതാണ് മത്സ്യം വളർത്തൽ കേന്ദ്രം.