തൃശൂർ: ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപകനാശം. കാലവർഷം ശക്തിപ്പെട്ടതോടെ ഒരാഴ്ച്ച പിന്നിട്ടും മഴയും കാറ്റും തുടരുകയാണ്. വീശിയടിക്കുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണാണ് ഏറെയും നാശനഷ്ടങ്ങളുണ്ടാകുന്നത്. വാഴയുൾപ്പടെയുള്ള കാർഷിക വിളകളുടെ നാശവും ഏറിയിരിക്കയാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീണുണ്ടാകുന്ന നാശങ്ങളേറുകയാണ്. കഴിഞ്ഞ ദിവസം ചിറ്റിലപ്പിള്ളി, അടാട്ട് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റ് വ്യാപകമായ നാശമാണുണ്ടാക്കിയത്. തെങ്ങ് വീണ് വീടുകൾ തകരുകയും വീടിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. മഴ ഒരാഴ്ചകൂടി തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന സൂചന. വരുംദിവസങ്ങളിലും കാലവർഷക്കെടുതി രൂക്ഷമാകാനാണ് സാദ്ധ്യത.